കുമരകം: നാഷ്ണാന്തറ ദേവീക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
നിരവധി കേസുകളിലെ പ്രതിയായ നാഷ്ണാന്ത്ര രാജു (പാന്പ് രാജു) ആണ് പിടിയിലായത്. ഇന്നലെ രാത്രി 11ന് ആയിരുന്നു സംഭവം.
കാണിക്കവഞ്ചി കുത്തി തുറന്ന് പണം സഞ്ചിയിൽ നിറക്കുന്നതിനിടയിൽ ക്ഷേത്ര ശാന്തി കണ്ണൻ മോഷ്ടാവിനെ കാണുകയായിരുന്നു.
ശാന്തി ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ എത്തിയപ്പോൾ മോഷ്്ടാവ് ക്ഷേത്രത്തിന് പിന്നിലേക്ക് ഓടി മറഞ്ഞു.
നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്തുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കുമരകം പോലീസ് സ്ഥലത്തെത്തി പാന്പു രാജുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പാന്പു രാജു പോലീസുകാർക്കും നാട്ടുകാർക്കും സ്ഥിരം തലവേദനയാണ്.
മാസങ്ങൾക്ക് മുൻപ് സമീപത്തെ അരയശേരി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് പണം അപഹരിച്ചതും ഇയാൾ ആണെന്നാണ് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലഹരിക്കു അടിമയായ രാജു ഇതിനുള്ള പണം കണ്ടെത്തുന്നതിനാണ് മോഷണം നടത്തുന്നത്. ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് എസ്എച്ച്ഒ ബിൻസ് ജോസഫ് പറഞ്ഞു.