ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് അവളുടെ കരുത്തും തണലും ധൈര്യവും അവളുടെ കുടുംബമാണ്. എന്നാല്‍, ആ കുടുംബത്തിൽ പോലും അവൾ സുരക്ഷിതയല്ല എന്നു വന്നാലോ?. ചുരുക്കമായി അങ്ങനെയും ചില അനുഭവങ്ങൾ നേരിടുന്ന പെൺകുട്ടികളുണ്ട്.
വിറയ്ക്കുന്ന ശരീരത്തോടെയാണ് ആ അമ്മ ഗുരുഗ്രാം പോലീസ് സ്റ്റേഷനിലേക്കു കയറിച്ചെന്നത്. പതിമൂന്നു വയസുള്ള മകൾ അതിക്രൂരമായി അതിക്രമത്തിനു വിധേയയായിരിക്കുന്നു. പരാതി കൊടുക്കണം. പോലീസ് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ അവർ കുറച്ചു സമയം ഒന്നും പറയാനാകാതെ വിങ്ങിപ്പൊട്ടി.
മറുപടിയില്ലാതെ അമ്മ
ആരാണ് മകളെ ഉപദ്രവിച്ചതെന്നു ചോദിച്ചപ്പോൾ അവർ തലതല്ലി കരയാൻ തുടങ്ങി. കുറേ നേരത്തെ മൗനത്തിനൊടുവിൽ വിറയാർന്ന ശബ്ദത്തിൽ അവർ പറഞ്ഞു – ” വീട്ടിൽ അവളെ സംരക്ഷിക്കേണ്ടയാൾ’. പോലീസുകാർക്കു പോലും എന്തു പറഞ്ഞ് ആ അമ്മയെ സമാധാനിപ്പിക്കണം എന്നറിയില്ലായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പ്രതി അറസ്റ്റിലായി.
പോലീസ് പറയുന്നതിങ്ങനെ: പെൺകുട്ടിയുടെ വീട്ടിൽ കുടുംബകലഹം പതിവായിരുന്നു. അവളുടെ അച്ഛനും അമ്മയും തമ്മിൽ മിക്കപ്പോഴും വഴക്കും ബഹളവും. ഭാര്യയോടുള്ള വിരോധം അയാൾ തീർത്തിരുന്നതു മകളോടാണ്.
പലപ്പോഴും മകളെ കത്തിമുനയിൽ നിർത്തി ഉപദ്രവിച്ചു. വർഷങ്ങളായി കഞ്ചാവിനും മറ്റു മയക്കുമരുന്നുകൾക്കും അടിമയായിരുന്നു ഇയാളെന്നും പോലീസ് പറഞ്ഞു. അരക്ഷിതമായ കുടുംബാന്തരീക്ഷങ്ങൾ നമ്മുടെ കുട്ടികൾക്ക് എത്രത്തോളം ദോഷമാകുമെന്നു ചൂണ്ടിക്കാണിക്കുകയാണ് ഈ സംഭവം.
അടിമക്കച്ചവടം
പണ്ടുകാലത്തെ അടിമക്കച്ചവടങ്ങളെക്കുറിച്ചു നമ്മൾ കേട്ടിട്ടുണ്ട്. അതൊക്കെ ഇപ്പോൾ ചരിത്രകഥകളിൽ മാത്രമെന്ന് ആശ്വസിക്കുന്നവരാണ് ഏറെയും. എന്നാൽ, സ്വന്തം മക്കളെപ്പോലും അടിമകളെ വില്ക്കുന്നതുപോലെ വിറ്റു കാശുവാങ്ങുന്ന ചിലർ ഈ സമൂഹത്തിൽ ഇല്ലാതില്ല.
നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു മനുഷ്യന്റെ മകളായി പിറന്നു എന്നൊരു തെറ്റു മാത്രമാണ് ഉത്തര്‍പ്രദേശിലെ ഹപ്പൂറിലെ ആ പെണ്‍കുട്ടി ചെയ്തത്. അതുകൊണ്ടാണല്ലോ ജീവിതകാലം മുഴുവൻ അവളെ സംരക്ഷിക്കേണ്ട മനുഷ്യൻ പണത്തിനാവശ്യം വന്നപ്പോൾ യാതൊരുവിധ ദയയുമില്ലാതെ അവളെ വിറ്റുകളഞ്ഞത്.
സുരക്ഷിതത്വം ഒരുക്കേണ്ട അച്ഛനും നിയമവും കൈയൊഴിഞ്ഞപ്പോൾ അവൾ സ്വയം തീ കൊളുത്തി. എൺപതു ശതമാനത്തോളം പൊള്ളലേറ്റ് ആശുപത്രിക്കിടക്കയിൽ കിടക്കുന്പോഴും അവൾ പറഞ്ഞു “അവരിത് എന്നെക്കൊണ്ട ചെയ്യിച്ചതാണ്’.
വില പതിനായിരം രൂപ!
വിധവയായ തന്നെ സ്വന്തം അച്ഛന് പതിനായിരം രൂപയ്ക്കു വിറ്റു എന്നറിഞ്ഞപ്പോള്‍ കരയാനല്ലാതെ എതിര്‍ക്കാന്‍ അവള്‍ക്കായില്ല. കാരണം അയാൾ ഒരു മനുഷ്യ മൃഗത്തെപ്പോലെയായിരുന്നു. എതിർത്തു പറഞ്ഞാൽ ക്രൂരമായി തല്ലിച്ചതയ്ക്കും. പതിനായിരം രൂപമുടക്കി അവളെ വാങ്ങിയ ആൾക്ക് അവളൊരു അടിമയായിരുന്നു.
വീട്ടുജോലിക്ക് എന്നു പറഞ്ഞാണു വാങ്ങിയതെങ്കിലും അതിനപ്പുറം അയാളുടെ സകല ചൂഷണങ്ങൾക്കും വഴങ്ങേണ്ട അവസ്ഥയായിരുന്നു അവൾക്ക്. ഉടമ അവളെ ദിവസങ്ങളോളം കൈവശം വയ്ക്കുകയും ഒടുവില്‍ അയാളുടെ സുഹൃത്തുക്കള്‍ക്കു കൈമാറുകയും ചെയ്തു. അയാള്‍ പലരില്‍നിന്നും പണം വാങ്ങിയിരുന്നു.
അതു തിരികെ നല്കാനാകാതെ വന്നതോടെയാണ് പെണ്‍കുട്ടിയെ അവര്‍ക്കു കൈമാറി കടം ഒഴിവാക്കിയത്. പെൺകുട്ടിയെ വാങ്ങിയ സംഘം പല വീടുകളിലും സഹായത്തിനെന്ന വ്യാജേന അവളെ മാറ്റിമാറ്റി താമസിപ്പിച്ചു.
ഈ കാലയളവിൽ അഞ്ചു പേർ തന്നെ ഉപദ്രവിച്ചതായി പെൺകുട്ടി പറയുന്നു. ഒരുദിവസം എല്ലാവരും പുറത്തുപോയ തക്കം നോക്കി പെണ്‍കുട്ടി വീട്ടില്‍ നിന്നു രക്ഷപ്പെട്ടു സമീപത്തുള്ള പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചു. എന്നാൽ, പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയിട്ടും അവൾക്കു നീതി ലഭിച്ചില്ല.
നീതിക്കു തീ നിറം!
ദിവസങ്ങള്‍ക്കു ശേഷം എല്ലാവരും കേട്ട വാര്‍ത്ത അവള് സ്വയം തീകൊളുത്തി എന്നാണ്. എണ്പതു ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആരൊക്കെയോ ചേര്‍ന്നു ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസില്‍ പരാതി നല്‍കിയിട്ടും തനിക്കു നീതി ഉറപ്പാക്കാനോ അക്രമികൾക്കെതിരേ ചെറുവിരൽ അനക്കാനോ തയാറാകാത്ത പോലീസിനും സംവിധാനങ്ങൾക്കുമുള്ള മറുപടിയാണ് താൻ ചെയ്തെതെന്നായിരുന്നു അവളുടെ മരണക്കിടക്കയിലെ പ്രതികരണം.
പെൺകുട്ടിയുടെ ഈ പ്രതികരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. രൂക്ഷവിമർശനം പോലീസും അധികാരികളും ഏറ്റുവാങ്ങി. എത്രയെത്ര പെൺകുട്ടികൾ ഈ വിധം ചൂഷണം ചെയ്യപ്പെട്ടാലും പുതിയ പുതിയ നിയമങ്ങൾ വന്നിട്ടും ഒന്നിനും മാറ്റം വരുന്നില്ല എന്നത് ആശങ്കാജനകമാണ്
(തുടരും).