കൊൽക്കത്ത: ബംഗാളിലെ യുവമോർച്ച സംസ്ഥാന സെക്രട്ടറി പമീല ഗോസ്വാമി കൊക്കെയ്നുമായി അറസ്റ്റിൽ.
ഇവരിൽനിന്ന് 100 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
സുഹൃത്തായ പ്രബിർ കുമാർ ഡേയ്ക്കൊപ്പം പമീല ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇവർ കാറിലാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. എട്ടുവാഹനങ്ങളിലായി എത്തിയ പോലീസ് സംഘം പമീലയുടെ കാർ വളഞ്ഞ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പമീലയും സുഹൃത്തും ഏതെങ്കിലും മയക്കുമരുന്നു റാക്കറ്റിന്റെ ഭാഗമാണോ എന്ന് പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു.
രാഷ്ട്രീയത്തിൽ ചേരുന്നതിനു മുന്പ് പമീല മോഡലായും എയർ ഹോസ്റ്റസായും പ്രവർത്തിച്ചിരുന്നു.
പിന്നീട് ബംഗാളി ടെലിവിഷൻ ചാനലിൽ നടിയായി. പശ്ചിമ ബംഗാളിലെ ജനപ്രിയമുഖം അല്ലാതിരുന്നിട്ടും ഭാരതീയ ജനതാ യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറിയായി.
2019ലാണ് ഇവർ ബിജെപിയിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ ബിജെപിയെ അനുകൂലിച്ച് പോസ്റ്റുകൾ ഇടുന്നതിൽ സജീവമായിരുന്നു. കർഷക സമരത്തിന് എതിരായ പ്രസ്താവനകളും ഇതിൽ പെടും.
ഏതാണ്ട് പത്തു ലക്ഷം രൂപ വിലവരുന്നതാണ് പമീലയിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്നെന്ന് പോലീസ് പറഞ്ഞു.
ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. പമീല കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായ ശിക്ഷ ലഭിക്കുമെന്ന് ബിജെപി എംപി ലോക്കറ്റ് ചാറ്റർജി പറഞ്ഞു.
അതേസമയം പോലീസിന്റെ നടപടിയിൽ തങ്ങൾക്കു സംശയമുണ്ടെന്നും, ആയുധക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ ഒട്ടേറെ പ്രവർത്തകരെ നേരത്തേ കുടുക്കിയത് കണ്ടിട്ടുണ്ടെന്നും എംപി പറഞ്ഞു.
പോലീസ് സംസ്ഥാന സർക്കാരിനു കീഴിലുള്ളതിനാൽ എന്തും സംഭവിക്കാമെന്നായിരുന്നു ബിജെപി സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യയുടെ പ്രതികരണം.
മയക്കുമരുന്ന് പാക്കറ്റുകൾ പമീലയുടെ വാഹനത്തിലോ കാറിലോ പോലീസ് നിക്ഷേപിച്ചതാണോ എന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ ബിജെപിക്കെതിരേ രൂക്ഷ വിമർശനവുമായി തൃണമൂൽ കോണ്ഗ്രസ് രംഗത്തെത്തി.
പാർട്ടിയിലെ വനിതാ നേതാക്കൾപോലും ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് നാണക്കേടാണെന്ന് തൃണമൂൽ നേതാവ് ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.