കെ.ഷിന്റുലാല്‍
കോഴിക്കോട് : ചപ്പാത്തി രൂപത്തിലും അടിവസ്ത്രത്തിന്റെ ഹൂക്കിലും വരെ എത്തിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിന് പിന്നാലെ അതിവിദഗ്ധമായി സ്വര്‍ണക്കടത്ത് സംഘം തയാറാക്കിയ കള്ളക്കടത്ത് രഹസ്യം ചോര്‍ന്നു.
ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഏറ്റവും പുതിയ തന്ത്രമാണ് ചാരക്കണ്ണുകള്‍ അറിയുകയും ചോര്ത്തിനല്കുകയും ചെയ്തത്.
കാരിയര്‍മാര്‍ക്ക് ധരിക്കാന്‍ നല്കുന്ന വസ്ത്രത്തില്‍ സ്വര്‍ണമിശ്രിതം തേയ്ച്ചുപിടിപ്പിക്കുന്ന അതിനൂതന രീതിയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാരിയറായ യാത്രികന്റെ വസ്ത്രം അഴിച്ചുമാറ്റി കത്തിച്ചതിലൂടെ അരക്കോടിയോളം വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.
ഇത്തരത്തില്‍ ആദ്യമായാണ് സ്വര്‍ണം കടത്തുന്നത് പിടികൂടുന്നതെന്ന് കോഴിക്കോട് കസ്റ്റംസ്പ്രിവന്റീവ് വിഭാഗം അറിയിച്ചു.
സ്വര്‍ണ വസ്ത്രധാരി
ഷര്‍ട്ടിനകത്തും പാന്റിനകത്തുമായി അതിവിദഗ്ധമായി സ്വര്‍ണം ഒളിപ്പിക്കുന്നതാണ് പുതിയ രീതി.
നേരത്തെ സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ ഹൂക്കില്വരെ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയിരുന്നു. ഇവയെല്ലാം പിടികൂടിയതിന് പിന്നാലെയാണ് പുതിയ രീതി പരീക്ഷിച്ചത്.
വസ്ത്രത്തില്‍ സ്വര്‍ണമിശ്രിതം പെയിന്റ് അടിക്കുന്നത് പോലെ തേയ്ക്കുന്നതാണ് രീതി. പാന്റിന്റെ ഉള്‍ഭാഗത്ത് ഇത്തരത്തില്‍ മിശ്രിതം തേയ്ച്ചുപിടിപ്പിക്കും.
തൊട്ടുനോക്കിയാല്‍ പോലും അറിയാത്ത രീതിയിലാണ് ഇവ തേയ്ക്കുന്നത്. അതിന് ശേഷം പ്രത്യേക പശ ഉപയോഗിച്ച് മറ്റൊരു തുണി അതിന് മുകളിലായി ഒട്ടിയ്ക്കും.
വസ്ത്രം ധരിക്കുന്നയാള്‍ക്ക് സാധാരണ ഷര്‍ട്ടും പാന്റും ധരിക്കുന്നതുപോലെ മാത്രമേ തോന്നുകയുള്ളൂ. മറ്റൊരാള്‍ക്ക് പിടിച്ചു നോക്കിയാലും തിരിച്ചറിയാന്‍ സാധിക്കില്ല.
കാരിയറായ യാത്രക്കാരന് സ്വര്‍ണം ഒളിപ്പിച്ച രീതിയും അറിയില്ല. 40,000 രൂപ കമ്മീഷനാണ് സ്വര്‍ണക്കടത്തിന്റെ പുതിയ രീതിക്ക് കള്ളക്കടത്ത് സംഘത്തിന്റെ ഓഫര്‍.
സ്കാനറുകള്‍ മറികടന്ന തന്ത്രം
വിമാനത്താവളത്തിലെ മെറ്റല്ഡിറ്റക്ടറുകള്ക്ക് തിരിച്ചറിയാനാവാത്ത വിധത്തിലാണ് സ്വര്‍ണമിശ്രിതം വസ്ത്രത്തില്‍ തേയ്ച്ചു പിടിപ്പിക്കുന്നത്.
ഇതിനായി പ്രത്യേക കെമിക്കലും ചേര്‍ക്കും. ഇപ്രകാരം സ്വര്‍ണ വസ്ത്രം തയാറാക്കി വിമാനത്താവളത്തിലേതിനേക്കാള്‍ ഗുണമേന്മയുള്ള ഡിറ്റക്ടറുകളിലൂടെ പരീക്ഷണത്തിനായി കടത്തിവിടും.
ബീപ് ശബ്ം പുറപ്പെടുവിക്കില്ലെന്നും തിരിച്ചറിയാന്‍ സാധിക്കില്ലെന്നും ഉറപ്പാക്കിയ ശേഷമാണ് ഇവ കാരിയര്‍ക്ക് കൈമാറുന്നത്.
കറുത്ത നിറത്തിലുള്ള പശയായിരുന്നു സ്വര്‍ണമിശ്രിതം തേയ്ച്ചു പിടിപ്പിച്ച ഭാഗം മറയ്ക്കാനായി വസ്ത്രത്തില്‍ ഉപയോഗിച്ചത്. അതിനാല്‍ സ്കാനറുകളില്‍ നിന്നും എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.
ഊതിക്കാച്ചിയ പൊന്ന്
വിദേശത്ത് നിന്ന് സ്വര്‍ണക്കടത്ത് സംഘം അതിവിദഗ്ധമായി തയാറാക്കുന്ന പദ്ധതികള്‍ ചാരന്മാര് ചോര്‍ത്തി നല്‍കുന്നതിലൂടെ മാത്രമാണ് കസ്റ്റംസിനും മറ്റു ഏജന്‍സികള്‍ക്കും തിരിച്ചറിയാനും സ്വര്‍ണം പിടികൂടാനും സാധിക്കുന്നത്.
ഇന്‍ഫോര്‍മറില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ചുകൊണ്ടായിരുന്നു ദുബായില്‍ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റംസ് തടഞ്ഞു വച്ചത്.
വസ്ത്രം മുഴുവനായി കൈകൊണ്ട് പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ വസ്ത്രം ഊരി വാങ്ങി സ്കാനറില്‍ വീണ്ടും പരിശോധിച്ചപ്പോള്‍ ചിലയിടങ്ങളില്‍ പച്ച നിറം കണ്ടെത്തി.
തുടര്‍ന്ന് ഇത് സ്വര്‍ണമാണെന്ന് കണ്ടെത്തി. മിശ്രിതം വേര്‍തിരിക്കാന്‍ വസ്ത്രം കത്തിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
ഇന്‍ഫോര്‍മര്‍ക്ക് പിഴച്ചാല്‍ യാത്രക്കാരന് നേരിടേണ്ടി വന്ന അപമാനത്തിന് കസ്റ്റംസ് ഉത്തരം പറയേണ്ടതായും വരും. അതിനാല്‍ കൃത്യമായ വിവരങ്ങളും തെളിവുകളും അടിസ്ഥാനമാക്കിയാണ് പരിശോധന നടത്തിയത്.
പിടികൂടിയത് ഒരു കോടിയുടെ സ്വര്‍ണം
ദുബായില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് 4.45 ന് വന്നിറങ്ങിയ യാത്രക്കാരായ കണ്ണൂര്‍ സ്വദേശിയായ അജ്നാസ്, തിക്കോടി സ്വദേശി റഹീസ് എന്നിവരില്‍ നിന്നാണ് ഒരു കോടി അഞ്ച് ലക്ഷം രൂപ വിലവരുന്ന 2127 ഗ്രാം സ്വര്‍ണം പിടികൂടിയത്. അജ്നാസായിരുന്നു സ്വര്‍ണവസ്ത്രം ധരിച്ചത്.
റഹീസ് മറ്റു മാര്‍ഗത്തിലായിരുന്നു സ്വര്‍ണം കടത്തിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഡിവിഷന് അസി.കമ്മീഷണര്‍ കെ.വി.രാജന്, സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, ഇന്‍സ്പക്ടര്‍മാരായ ജയദീപ്, കപില്‍ സുരീര, ഹെഡ് ഹവില്‍ദാര്‍ എം.സന്തോഷ്കുമാര്‍, ഇ.വി.മോഹനന് എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.