അതിരപ്പിള്ളി: ഇനി പറന്പിലും വീട്ടിലുമൊക്കെ കാണുന്ന പാന്പിനെ പിടിക്കാൻ ചെന്നാൽ പാന്പ് തിരിച്ചു ചോദിക്കും…അല്ല എന്നെ പിടിക്കാൻ സർട്ടിഫിക്കറ്റുണ്ടോ എന്ന്….എന്തിനും ഏതിനും സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കിയ കേരളത്തിൽ ഇനി പാന്പിനെ പിടിക്കാനും വേണം സർട്ടിഫിക്കറ്റ്.
പാന്പുകളെ പിടിക്കാനുള്ള ശാസ്ത്രീയ പരിശീലന പരിപാടിയിൽ പങ്കെടുത്ത് മിടുക്കനായതിന്റെ സർട്ടിഫിക്കറ്റ്. അതില്ലാതെ പാന്പിനെ പിടിക്കാൻ പോയാൽ പണികിട്ടുക പാന്പിൽ നിന്നല്ല, വനംവകുപ്പിൽ നിന്നാണ്.
പാന്പുകളെ പിടിക്കാനുള്ള ശാസ്ത്രീയ പരിശീലന പരിപാടി സംസ്ഥാന വനം വകുപ്പ് അതിരപ്പിള്ളിയിൽ തുടങ്ങി. വാഴച്ചാലിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ എസ്.സുരേന്ദ്രകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ പരിശീലന പരിപാടി വനം വകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്നത്.
ഇനി പാന്പിനെ പിടിക്കണമെങ്കിൽ വനം വകുപ്പിന്റെ ശാസ്ത്രീയ പരിശീലന പരിപാടിയിൽ പങ്കെടുക്കണം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് വനംവകുപ്പ് സർട്ടിഫിക്കറ്റ് നല്കും. പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇല്ലാത്തവർ പാന്പിനെ പിടിച്ചാൽ വനം വകുപ്പ് കേസെടുക്കും.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഇത്തരത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ചാലക്കുടി, വാഴച്ചാൽ, മലയാറ്റൂർ ഡിവിഷനിലെ 18 പേർക്കും വനപാലകർക്കും വാച്ചർമാർക്കുമാണ് പരിശീലനം നല്കിയത്. പരിശീലനം നല്കുന്നതിന്് അരിപ്പ ഫോറസ്റ്റ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ വൈ. അൻവർ മുഹമ്മദിനെ സ്റ്റേറ്റ് ലെവൽ നോഡൽ ഓഫീസറായി നിയമിച്ചു.
പാന്പിനെ കണ്ടാലുടൻ പിടിക്കാൻ വനപാലകരെ വിവരമറിയിക്കാൻ വനം വകുപ്പ് തയാറാക്കിയ ’സർപ’ എന്ന മൊബൈൽ ആപ്പ് അഡീ.ചീഫ് സെക്രട്ടറി ആശാ തോമസ് ലോഞ്ച് ചെയ്തു. രജിസ്റ്റർ ചെയ്താൽ ഉടൻതന്നെ വിവരം തൊട്ടടുത്ത് ഉള്ള ഫോറസ്റ്റ സ്റ്റേഷനിലും പാന്പിനെ പിടിക്കാൻ പരിശീലനം പൂർത്തിയായവരിലും എത്തും.
വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇൻഡ്യയുടെ സഹായത്തോടെയാണ് മൊബൈൽ ആപ്പ് തയാറാക്കിയത്. തൃശൂർ സി.സി.എഫ്. ദീപക് മിശ്ര, വാഴച്ചാൽ ഡി.എഫ്.ഒ. എസ്.വി വിനോദ്, മലയാറ്റൂർ ഡി.എഫ്.ഒ. നരേന്ദ്ര ബാബു, പീച്ചി ഡി.എഫ്.ഒ. എൻ. രാജേഷ് തുടങ്ങിയവരും റെയിഞ്ച് ഓഫീസർമാരും പങ്കെടുത്തു.