മാരാമൺ: പന്പാനദിയുടെ പുനരുദ്ധാരണവും സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾ കടലാസിലുറങ്ങുന്നു. നിരവധി സാംസ്കാരിക, മത സംഗമങ്ങൾക്കു വേദിയൊരുക്കുന്ന പന്പാനദിയുടെ മണൽപ്പരപ്പുതന്നെ നഷ്ടമായി. അശാസ്ത്രീയമായ നിർമാണവും നദീ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമാണ് പന്പയുടെ സ്ഥിതി ഏറെ ശോചനീയമാക്കിയത്. ഇതിനെ മറികടക്കാൻ രൂപകല്പന ചെയ്ത പദ്ധതികൾ കടലാസിലുറങ്ങി.
കോഴഞ്ചേരി പാലത്തിനു താഴെ പന്പാനദിയുടെ വിരിമാറ് മണൽക്കാടുകളായി മാറിയിരിക്കുകയാണ്. മൺപുറ്റ് ഒരാൾപൊക്കത്തിൽ വളർന്നു കാടുകയറി കിടക്കുന്നു. ഈ ഭാഗത്തെ കാടു നീക്കം ചെയ്ത് മണലെടുത്താണ് മാരാമൺ കൺവൻഷൻ നഗറിൽ വിരിച്ചത്.
നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ തൊട്ടുതാഴെ മുതലുള്ള പ്രദേശങ്ങളിൽ നദി തോട്ടപ്പുഴശേരി ഭാഗത്തേക്കു ചുരുങ്ങിയതോടെ കോഴഞ്ചേരി കരയോടു ചേർന്ന ഭാഗത്താണ് മൺപുറ്റുകൾ രൂപപ്പെട്ടത്. വർഷങ്ങൾക്കു മുന്പേ രൂപപ്പെട്ട പുറ്റുകൾ നീക്കിയിട്ടില്ല. ഈഭാഗത്ത് പുല്ലു വളർന്ന് കരഭൂമിയായി മാറി.
പ്രളയകാലത്തു മാത്രമാണ് നദിയുടെ ഒഴുക്ക് ഇതുവഴിയുള്ളത്. ചെളിനിറഞ്ഞ മണൽശേഖരമാണ് പുറ്റായി മാറിയത്. ഇതു നീക്കം ചെയ്യണമെന്ന ആവശ്യമുയർന്നെങ്കിലും ശാസ്ത്രീയ പഠനം വേണമെന്ന ആവശ്യമാണ് പരിസ്ഥിതി പ്രവർത്തകർ ഉയർത്തിയത്.
ആറന്മുള ഭാഗത്ത് ജലോത്സവവുമായി ബന്ധപ്പെട്ട് എല്ലാവർഷവും പുറ്റ് നീക്കം ചെയ്യാറുണ്ടെങ്കിലും വീണ്ടും അതേ സ്ഥാനത്ത് പുറ്റ് രൂപപ്പെടുന്നുണ്ട്. പുറ്റ് നീക്കം സ്ഥിരമായ സംവിധാനമായി കാണാനാകുന്നില്ല.കോഴഞ്ചേരി ഭാഗത്തുതന്നെ നീരൊഴുക്ക് തടസപ്പെട്ടു നിൽക്കുന്ന പുറ്റുകാരണം മാരാമൺ മണൽപ്പുറത്തേക്കും വെള്ളം ഒഴുക്ക് നിലച്ചിരിക്കുകയാണ്.
വെള്ളപ്പൊക്കം ഉണ്ടാകുന്പോൾ മാത്രമാണ് മാരാമൺ കൺവൻഷൻ നഗറിലും വെള്ളം കയറുന്നത്. ഇതു കാരണം മണൽ എത്താതെ ചെളി മാത്രമായി ഇവിടെ അടിയുന്നു.പന്പയുടെ പുനരുജ്ജീവനത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെട്ട് പദ്ധതികൾ തയാറാക്കിയിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി സംസ്ഥാന ബജറ്റിൽ തുകയും നീക്കിവച്ചുവെങ്കിലും നടപടികൾ മുന്നോട്ടു നീങ്ങിയില്ല.