നെടുങ്കണ്ടം: പാമ്പാടുംപാറയെയും വലിയതോവാളയെയും ബന്ധിപ്പിക്കുന്ന റോഡിന്റെ മൂന്നു കിലോമീറ്ററോളം തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം ദുര്‍ഘടമായി. പരാതികള്‍ അധികാരികള്‍ അവഗണിച്ചതോടെ നാട്ടുകാര്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു.
പഞ്ചായത്ത് ആസ്ഥാനമായ പാമ്പാടുംപാറയിലേക്കു വലിയതോവാള, മന്നാക്കുടി എന്നിവിടങ്ങളില്‍നിന്നു ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ റോഡിനെ ആശ്രയിച്ചെത്തുന്നത്.
പാമ്പാടുംപാറയില്‍ നിന്നു കട്ടപ്പന ഭാഗത്തേക്കു പോകാനുള്ള എളുപ്പവഴിയും ഇതാണ്. ഇതിനാല്‍ സ്കൂള്‍ ബസുകള്‍ അടക്കം നൂറുകണക്കിന് വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്.
റോഡിന്റെ മുഴുവന്‍ ഭാഗവും ടാറിംഗ് ഇല്ലാത്ത നിലയിലാണ്. കുത്തനെയുള്ള ഇറക്കവും കൊടും വളവും നിറഞ്ഞതാണ് റോഡ്. ഇതിനാല്‍ത്തന്നെ തകര്‍ന്നുകിടക്കുന്ന റോഡില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവ അപകടത്തില്‍ പെടുന്നതും പതിവാണ്.
ഗൂഗിള്‍ മാപ്പില്‍ എളുപ്പവഴിയായി കാണിക്കുന്ന ഈ റോഡിലൂടെ നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ മൂലം ഇവര്‍ അപകടത്തില്‍ പെടുന്നതും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്.
2022 ല്‍ റോഡ് പൂര്‍ണമായും ടാറിംഗ് നടത്തിയെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ പൊളിഞ്ഞുതുടങ്ങിയിരുന്നു. 30 ലക്ഷം രൂപയാണ് ഇതോടെ നഷ്ടമായത്. അവഗണന തുടര്‍ന്നാല്‍ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് പ്രദേശവാസികൾ അറിയിച്ചു.