ഇടുക്കി: ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. ജലാശയത്തില്‍ ചാടി ജീവനൊടുക്കിയെന്നാണ് സൂചന. പാമ്പാടുംപാറ എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ജോണ്‍ മുരുകന്റെ മകള്‍ എയ്ഞ്ചല്‍ ( അഞ്ജലി-24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീടു വിട്ടിറങ്ങിയ യുവതിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തില്‍ ടണലിനു താഴെ ജലാശയത്തില്‍ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം ആറോടെ ബന്ധുവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ് യുവതി പാമ്പാടുംപാറയില്‍ നിന്നു ബസില്‍ കയറി കട്ടപ്പനയിലും പിന്നീട് കാഞ്ചിയാര്‍ അഞ്ചുരുളിയിലുമെത്തുകയായിരുന്നു. ഇതിനിടെ ഇവര്‍ അഞ്ചുരുളി ഭാഗത്തേക്കു പോയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യം പോലീസിൽ അറിയിച്ചു.
പിന്നീട് നടത്തിയ തെരച്ചിലില്‍ അഞ്ചുരുളി ജലാശയത്തിന് സമീപത്തു നിന്നു മൊബൈല്‍ ഫോണും ബാഗും കണ്ടെത്തി.തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ അര്‍ധരാത്രിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ബന്ധുവുമായി അഞ്ജലിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ജീവനൊടുക്കിയതാണോ എന്നതുള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന സിഐ സുരേഷ് കുമാര്‍ പറഞ്ഞു.