കോട്ടയം: പാന്പാടി പെട്രോൾ പന്പിലെ ജീവനക്കാരനെ ആക്രമിച്ചു കവർച്ച നടത്തിയ സംഭവത്തിൽ പിടിയിലായ രണ്ട് ഇതര സംസ്ഥാനക്കാരുടെ അറസ്റ്റ് ഇന്നു വൈകുന്നേരത്തോടെ രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിൽ നിന്നുമാണു പ്രതികളെ പിടികൂടിയത്. ഇന്നലെ വൈകുന്നേരത്തോടെ പാന്പാടി സ്റ്റേഷനിലെത്തിച്ച പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള രണ്ടു പേരെ കൂടി പോലീസ് പിടികൂടാനുണ്ട്. പിടിയിലായവരിൽനിന്നു കവർച്ചാ മുതലിൽ ഒരു ഭാഗവും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ 17നു രാത്രിയിലാണു പാന്പാടി വട്ടമലപടിക്ക് സമീപം മറ്റത്തിപ്പറന്പിൽ ഫ്യൂവൽസിലെ ജീവനക്കാരൻ പാന്പാടി തോപ്പിൽ അനീഷ് മാത്യു(26)വിനെ ആക്രമിച്ചു ബോധരഹിതനാക്കിയശേഷം ഒന്നര ലക്ഷത്തോളം രൂപയുമായി നാലംഗ സംഘം രക്ഷപ്പെട്ടത്.
കോട്ടയം നഗരത്തിൽ എത്തിയപ്പോൾ നാലംഗ സംഘത്തെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും വ്യാപാരികളാണെന്നു പറഞ്ഞു സംഘം രക്ഷപ്പെടുകയായിരുന്നു. എന്നാൽ പട്രോളിംഗ് പോലീസ് സംഘം ഇവരുടെ നാലുപേരുടെയും ചിത്രങ്ങൾ എടുത്തുവച്ചിരുന്നതു പീന്നിടുള്ള അന്വേഷണത്തിൽ പോലീസിനു ഏറെ ഗുണം ചെയ്തു.
കവർച്ച നടക്കുന്നതിനു ഒരാഴ്ച മുന്പായി പാന്പാടിയിലും സമീപ പ്രദേശങ്ങളിലും കന്പിളി പുതപ്പ് വിൽക്കാനെത്തിയവരാണ് പിടിയിലായത്. കവർച്ച സംഘത്തിനു പ്രദേശത്തുള്ള മറ്റൊരു ഇതര സംസ്ഥാനക്കാരാണു വിവരങ്ങൾ കൈമാറിയിരുന്നത്. ഇയാളും പോലീസ് കസ്്്റ്റഡിലുള്ളതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഓഫീസിന്റെ പൂട്ടു തകർത്ത് അകത്തു കയറിയ സംഘത്തെ തടയാൻ ശ്രമിച്ചപ്പോഴാണ് അനീഷിന് ഇരുന്പു വടിക്ക് അടിയേറ്റത്. ഇവിടെനിന്നു പണം കവർന്നശേഷം ഓഫീസിനു പുറത്തുള്ള മേശ മോഷ്ടാക്കളിലൊരാൾ തുറക്കുന്നത് റോഡിലൂടെയെത്തിയ മറ്റൊരാൾ കണ്ടു. പന്പിലെത്തിയപ്പോഴാണ് പരിക്കേറ്റു കിടക്കുന്ന അനീഷനെ കണ്ടതും കവർച്ചാ വിവരം അറിയുന്നതും.
അപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. ഇയാളും വഴിയെ വന്ന മറ്റു യാത്രക്കാരും ചേർന്നാണു സംഭവം പാന്പാടി പോലീസിൽ അറിയിച്ചത്. മോഷണ സംഘത്തെ മറ്റൊരാൾ കോട്ടയത്തു നിന്ന് ഓട്ടോയുമായി പാന്പാടിയിൽ എത്തി പ്രതികളുമായി കോട്ടയത്തേക്കു വരികയായിരുന്നു.
രാത്രി പട്രോളിംഗ് പോലീസ് ഇവരുടെ ഫോട്ടോയെടുത്തിരുന്നുവെങ്കിലും പിന്നീട് പെട്രോൾ പന്പിലെ മോഷണം നടത്തിയവരുടെ സിസിടിവി ദൃശ്യം പുറത്തു വന്നതോടെയാണ് ഇതേ സംഘമാണ് ആക്രമണം നടത്തിയതെന്നു പോലീസ് കണ്ടെത്തിയത്. കോട്ടയം ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീക്കിന്റെയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.