പാന്പാടി: പോലീസിന്റെ വാഹനപരിശോധന അതിരുവിടുന്നെന്ന് ആരോപണം. ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്നു യാത്ര ചെയ്യുന്നവരെയും ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്.
ഇന്നലെ രാത്രിയിൽ മീനടം ഞണ്ടുകുളം പാലത്തിനുസമീപം കൊടുംവളവിൽ പരിശോധന നടത്തുന്പോഴാണ് ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നവരെയും ബ്രത്ത് അനലൈസർ ഉപയോഗിച്ചു പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതിനെതിരേ പ്രതിഷേധം ശക്തമായപ്പോൾ പരിശോധന മതിയാക്കി പോലീസ് മടങ്ങുകയായിരുന്നു.
ഇന്നലെ രാത്രി 7.30നാണ് പരിശോധനയ്ക്കായി പോലീസ് ഞണ്ടുകുളം പാലത്തിനുസമീപം എത്തിയത്. ഒരു മണിക്കൂർ നേരം ഇവിടെ പരിശോധന തുടർന്നു. കൊടുംവളവിൽ പരിശോധന പാടില്ലെന്ന സർക്കാർ നിർദേശം മറികടന്നാണു പോലീസ് ഞണ്ടുകുളത്തെ വളവിൽ പരിശോധന നടത്തിയത്.