കോട്ടയം: ഛർദ്ദിയെത്തുടർന്ന് ആശുപത്രിലെത്തിയ മകൾക്കു ചികിത്സ ലഭിക്കാൻ വൈകിയതിൽ ഡ്യൂട്ടി ഡോക്ടർക്കെതിരേ അഭിഭാഷകന്റെ പരാതി.
പാന്പാടി സ്വദേശിയായ കോട്ടയം ബാറിലെ അഭിഭാഷകനാണ് പാന്പാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരേ ജില്ലാ മെഡിക്കൽ ഓഫീസർക്കു പരാതി നൽകിയത്. ഇതിനു പിന്നാലെ അഭിഭാഷകനെതിരേ ഡോക്ടർ പാന്പാടി പോലീസിലും പരാതി നൽകി.
ബുധനാഴ്ച രാത്രി ഒന്പതിന് അമിതമായ ഛർദ്ദിയെത്തുടർന്ന് 12 വയസുള്ള മകളുമായി അഭിഭാഷകൻ പാന്പാടി താലൂക്ക് ആശുപത്രിയിലെത്തി.
ഈ സമയം ശബരിമല തീർഥാടകരുൾപ്പെടെ 30ഓളം രോഗികൾ ഡോക്ടറെ കാണുന്നതിനായി കാത്തു നിൽക്കുകയായിരുന്നു.
ഇത്രയും രോഗികൾ കൂട്ടംകൂടി നിൽക്കുന്നത് എന്താണെന്ന് അഭിഭാഷകൻ അന്വേഷിച്ചപ്പോൾ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ രോഗികളെ പരിശോധിക്കുവാൻ തയാറാകുന്നില്ലെന്ന് അവിടെയുണ്ടായിരുന്ന രോഗികൾ പറഞ്ഞു.
തുടർന്ന് അഭിഭാഷകൻ ഡോക്ടറെ കണ്ടു വിവരങ്ങൾ ആരാഞ്ഞു. രാത്രി എട്ടിനുശേഷം വന്ന രോഗികളെ മാത്രമേ ഞാൻ നോക്കുകയുള്ളുവെന്ന് ക്ഷുഭിതയായി പറയുകയും മറ്റ് ജീവനക്കാരോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്തു.
തുടർന്ന് അഭിഭാഷകൻ പാന്പാടി പോലീസിൽ വിവരം അറിയിക്കുകയും ഉടൻതന്നെ പോലീസ് എത്തുകയും ചെയ്തു. ഈസമയം അഭിഭാഷകൻ രോഗം മൂർച്ഛിച്ച മകളുമായി മണർകാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തി കുട്ടിക്കു ചികിത്സ തേടി.
പിന്നീട് അഭിഭാഷകൻ ഡോക്ടർ കൃത്യവിലോപം കാട്ടിയെന്നാരോപിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്കു പരാതി നൽകുകയും ചെയ്തു.
അതിനിടെ അഭിഭാഷകനെതിരെ ഡോക്ടർ പാന്പാടി പോലീസിലും പരാതി നൽകി. പാന്പാടി, കൂരോപ്പട, മീനടം, മണർകാട് തുടങ്ങിയ പഞ്ചായത്തുകളിൽ താമസിക്കുന്ന വളരെ നിർധനരായ രോഗികളുടെ ഏക ആശ്രയമാണു പാന്പാടി താലൂക്ക് ആശുപത്രി.
ജില്ലയിൽനിന്നുള്ള മന്ത്രിയുടെ ശക്തമായ ഇടപെടലിലൂടെ മരുന്നുകളും മറ്റ് എല്ലാവിധ സൗകര്യങ്ങളുമുള്ള ഈ ആതുരാലയത്തിൽ ചില ഡോക്ടർമാരുടെയും ജീവനക്കാരുടെയും രോഗികളോടുള്ള പെരുമാറ്റം വളരെ മോശമാണെന്ന് രോഗികളും അവരോടൊപ്പം ആശുപത്രിയിൽ എത്തുന്നവരും ആരോപിക്കുന്നു.
അതേസമയം ഈ ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിക്കുകയാണ്. രോഗികളോടും കൂട്ടിരിപ്പുകാരോടും വളരെ മാന്യമായും സൗഹൃദപരവുമായാണു പെരുമാറുന്നതെന്ന് അധികൃതർ പറയുന്നു.