കോട്ടയം: പാമ്പാടിയിലും പരിസരപ്രദേശങ്ങളിലും നിരവധി മോഷണങ്ങൾ നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൂട്ടിക്കൽ ഏന്തയാർ മാത്തുമല മണൽപാറയിൽ വീട്ടിൽ ജോബിറ്റ് എന്നു വിളിക്കുന്ന എം.വി. അരുണ്‍ (31), കടയ്ക്കാവൂർ അഞ്ചുതെങ്ങ് കടപ്പുറം തെരുവത്ത് വീട്ടിൽ സോണിയ എന്നു വിളിക്കുന്ന സരോജ (36) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
ആലം പള്ളിയിലെ മെഡിക്കൽ സ്റ്റോർ, ഹൈസ്കൂൾ, കോത്തല ഭാഗത്തുള്ള പലചരക്ക് കട, വെള്ളൂർ ഏഴാംമൈൽ ഭാഗത്തുള്ള നീതി മെഡിക്കൽ സ്റ്റോർ, സാനിറ്ററി കട, കൂരോപ്പടയിലുള്ള മെഡിക്കൽ സ്റ്റോർ, പലചരക്ക് കട എന്നിവിടങ്ങളിൽ ഷട്ടറിന്റെ താഴു പൊളിച്ച് അകത്തുകടന്നു പണവും മറ്റു സാധനങ്ങളുമാണു പ്രതികൾ മോഷ്ടിച്ചത്.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറി, ഓട്ടോറിക്ഷ എന്നിവയുടെ ബാറ്ററികളും ഇതിനുപുറമേ വീടുപണി നടക്കുന്ന സ്ഥലങ്ങളിൽനിന്നു കമ്പി, ഇലക്ട്രിക് വയറുകൾ എന്നിങ്ങനെ നിരവധി മോഷണങ്ങളാണ് ഇവർ നടത്തിയത്. സമീപത്തുള്ള ട്രാൻസ്ഫോർമറിൽനിന്ന് വൈദ്യുതി വിച്ഛേദിച്ചശേഷം മോഷണം നടത്തുകയാണ് ഇവരുടെ രീതി. അരുണും പ്രായപൂർത്തിയാകാത്ത കുട്ടിയും ചേർന്നാണു മോഷണം നടത്തിയിരുന്നത്. മോഷണത്തിന്റെ ഗൂഢാലോചന സരോജയുടെ വീട്ടിലാണു നടത്തിയിരുന്നത്. നിരവധി മോഷണ മുതലുകൾ സരോജയുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഇരുവരെയും റിമാൻഡ് ചെയ്തു.