റാന്നി: മഴയെത്തുടർന്ന് ജലനിരപ്പുയർന്ന് കുത്തിയൊഴുകുന്ന പന്പാനദിയിൽ മുന്നറിയിപ്പുകൾ അവഗണിച്ച് വിദ്യാർഥി സംഘം കുളിക്കാനും നീന്താനും ഇറങ്ങിയത് പ്രദേശവാസികളിൽ ആശങ്ക പരത്തി.
കടുമീൻചിറ കട്ടിക്കല്ലിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സംഘം സ്കൂൾ യൂണിഫോമിൽ പുഴയിൽ ചാടിമറിഞ്ഞ് ഉല്ലസിച്ചത്. കുട്ടികളെത്തുന്പോൾ പ്രദേശത്തു കനത്ത മഴയുമുണ്ടായിരുന്നു.
കനത്ത മഴയിൽ പുഴയിലും അരുവികളിലും നീരൊഴുക്ക് വർധിച്ചിരിക്കുന്നതിനാലും സംഭരണികൾ തുറക്കാൻ സാധ്യതയുള്ളതിനാലും നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അഥോറിറ്റിയുടെയും മുന്നറിയിപ്പ് വകവയ്ക്കാതെയാണ് കുട്ടികൾ നദിയിലേക്കിറങ്ങിയത്.
പെരുന്തേനരുവിക്ക് താഴെ കട്ടിക്കൽ ഭാഗത്തു നദി രൗദ്രഭാവത്തിൽ ഒഴുകുന്ന മേഖലയാണ്. ഇതു മനസിലാക്കാതെയാണ് കുട്ടികൾ ഉല്ലസിക്കാനെത്തിയതെന്ന് കരുതുന്നു.
പുഴയുടെ എതിർ വശത്തു നിന്ന പ്രദേശവാസികൾ വിളിച്ചു പറഞ്ഞിട്ടും കുട്ടികൾ അനുസരിക്കുന്നില്ലെന്നു കണ്ടപ്പോൾ അപകടം മനസിലാക്കി പെരുനാട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് കുട്ടികളെ പറഞ്ഞയച്ചത്.
മേഖലയിൽ ശക്തമായ മഴയായതിനാൽ കഴിഞ്ഞ ഒരു ദിവസംകൊണ്ട് നദിയിൽ രണ്ടടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. പുഴയോരത്തു താമസിക്കുന്ന ആളുകൾ പോലും ഒഴുക്ക് കൂടിയതിനാലും കലക്കവെള്ളമായതിനാലും പുഴയിൽ ഇറങ്ങാത്ത സമയത്താണ് വിദ്യാർഥിസംഘമെത്തിയത്.
നദിയിൽ മുൻപരിചയം ഇല്ലാത്ത മേഖലകളിൽ ഇറങ്ങുന്പോഴാണ് പലപ്പോഴും അപകടങ്ങൾ വരുത്തിവയ്ക്കുന്നത്.