കണമല: എയ്ഞ്ചൽവാലിയിൽ പന്പാനദിയിൽനിന്ന് അനധികൃതമായി മണൽ വാരിയെന്നാരോപിച്ച് വനപാലകർ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദിച്ചെന്നു പരാതി. അതേസമയം, മർദനമേറ്റത് തങ്ങൾക്കാണെന്നാണ് വനപാലകർ പറയുന്നത്.
ഇന്നലെ ഉച്ചയോടെ എയ്ഞ്ചൽവാലി പാലമൂട്ടിൽ ബിനുവിന്റെ വീടിനു സമീപമാണ് സംഭവം.
ബിനുവിന്റെ സഹോദരൻ തുലാപ്പള്ളി വട്ടപ്പാറ പാലമൂട്ടിൽ സുനീഷ് (44), ബിനുവിന്റെ ഭാര്യ സുജ (32), മകൾ അക്ഷര (മൂന്നര), മറ്റൊരു ബന്ധുവായ മൈലമൂട്ടിൽ സുജ അനീഷ് (36) എന്നിവരാണ് വനപാലകർ മർദിച്ചെന്നാരോപിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.
അതേസമയം, ഇവർ മർദിച്ചെന്നാരോപിച്ച് പന്പ എഴുകുംമണ്ണ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീകുമാർ എരുമേലി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരു സംഘം ആളുകൾ തന്നെ മർദിച്ചെന്നും ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയും ഫോറസ്റ്റ് ഗാർഡിനെയും വാഹനം തടഞ്ഞുവച്ചു കൈയേറ്റം ചെയ്തെന്നും ശ്രീകുമാർ പറയുന്നു.
ഡെപ്യൂട്ടി റേഞ്ച് ഓഫീസറും ഡ്രൈവറും ഗാർഡും രണ്ടു വനിതാ ഗാർഡുമാരും ചേർന്ന് തന്നെ മർദിച്ചെന്നും ഇതുകണ്ട് തടസം പിടിച്ച ബന്ധുക്കളായ സ്ത്രീകളെയും കുഞ്ഞിനെയും വനപാലകസംഘം മർദിക്കുകയായിരുന്നെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുനീഷ് പറയുന്നു.
സംഭവം സംബന്ധിച്ച് എരുമേലി പോലീസിൽ പരാതി നൽകിയെന്ന് പന്പ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജയഘോഷ് അറിയിച്ചു.