കോട്ടയം: പമ്പാവാലിയുടെ മണ്ണില്‍ അധ്വാനിക്കുന്നത് കര്‍ഷകര്‍. പട്ടയഭൂമിയില്‍ വിളവെടുക്കുന്നതാവട്ടെ വനജീവികള്‍. ഇക്കൊല്ലം കപ്പയും കാച്ചിലും ചേനയും ചേമ്പും നാളികേരവും വാഴക്കുലയും ഒരാള്‍ക്കും വിളവെടുക്കാനാകുന്നില്ല. ചക്ക മൂപ്പെത്താന്‍ തുടങ്ങിയതോടെ കുരങ്ങുകൾ പ്ലാവിന്റെ മുകളിലും കാട്ടാനകൾ ചുവട്ടിലും ഇടം പിടിച്ചിരിക്കുന്നു.
ആനയും കാട്ടുപന്നിയും കുരങ്ങും കേഴയും മലയണ്ണാനും നടീല്കൃഷി തിന്നുതീര്‍ത്തു. കണമല, മൂക്കന്‍പെട്ടി, തുമരംപാറ, ഇരുമ്പൂന്നിക്കര, കിസുമം, തുലാപ്പള്ളി, ഏഞ്ചല്‍വാലി പ്രദേശവാസികള്‍ക്ക് ഇക്കൊല്ലം പറയാനുള്ളതു നഷ്ടക്കണക്കുകൾ മാത്രം ബാക്കി. പലരും കൃഷി വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനത്തിലാണ്.
ടാപ്പിംഗ് നടത്തുന്ന റബര്‍വരെ കാട്ടുപന്നി കുത്തിമറിച്ചു. ടാപ്പിംഗ് പട്ടയുടെ തൊലി തിന്നാന്‍ കേഴയും മ്ലാവും തോട്ടത്തിലുണ്ട്. പട്ടാപ്പകല്‍ കാട്ടുപന്നി കൃഷിയിടങ്ങളിലൂടെ മേയുന്ന സാഹചര്യത്തിലാണ് കര്‍ഷകരുടെ ജീവിതം. പന്നി ഒറ്റയാനാണെങ്കില്‍ തേറ്റകൊണ്ട് കുത്ത് ഉറപ്പാണ്.
നട്ടുവളര്‍ത്തിയ ഒരു തെങ്ങില്‍നിന്നും തേങ്ങ കിട്ടാനില്ല. കരിക്ക് മലയണ്ണാന് തുരന്നെടുക്കും.കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞതോടെ പ്രദേശവാസികള്‍ അടുത്തയിടെ കാന്താരി കൃഷി തുടങ്ങിയിരുന്നു. കണമല സഹകരണ ബാങ്ക് ന്യായവിലയ്ക്ക് കാന്താരിമുളക് സംഭരിക്കാന്‍ സംവിധാനവും ഏര്‍പ്പാടാക്കി. ഇപ്പോള്‍ കുരങ്ങും മയിലും കൂട്ടമായെത്തി കാന്താരിച്ചെടികള്‍ നശിപ്പിക്കുകയാണ്.
ഇഞ്ചിയും മഞ്ഞളും കൂവയും ഒഴികെ മറ്റ് കൃഷികളെല്ലാം വനമൃഗങ്ങള്‍ക്ക് തീറ്റ എന്ന മട്ടിലാണ് മലയോര കര്‍ഷകരുടെ ജീവിതം. കപ്പ പറിച്ചുണങ്ങി കരുതലായി സൂക്ഷിക്കുന്ന ഈ സീസണില്‍ ഒരു ചുവട്ടിലും കപ്പയില്ല. പാകമായ കപ്പ എലിയും കാട്ടുപന്നിയും മുന്‍പേ തീറ്റയാക്കി. ചേമ്പിനും സ്ഥിതി ഇതുതന്നെ.
വേനല്‍ കനപ്പെട്ടതോടെ വനത്തില്‍നിന്നും ആനക്കൂട്ടം പമ്പയില്‍ നീരാടിയശേഷം സമീപത്തെ വാഴത്തോട്ടം കുത്തിമറിക്കുന്നു. അടുത്തയിടെ കണമല ഭാഗത്ത് ആനകള്‍ കടന്നുവന്ന് വിളവെടുക്കാറായ വാഴത്തോട്ടം നശിപ്പിച്ചു.കഴിഞ്ഞ ഏപ്രില്‍ ഒന്ന് തുലാപ്പള്ളിയില്‍ ബിജു എന്ന കര്‍ഷകനെ കാട്ടാന അടിച്ചുകൊന്ന സംഭവത്തിന്റെ ഭീതി ഇന്നും വിട്ടുമാറിയിട്ടില്ല.
ടാപ്പിംഗിന് റബര്‍ തോട്ടത്തിലേക്കിറങ്ങിയാല്‍ ആന എവിടെ ഒളിഞ്ഞു നില്‍പ്പുണ്ടെന്നു തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ് പ്രദേശവാസികള്‍. ചക്ക വിളവെത്തുന്നതോടെ ആന നാട്ടിലേക്കിറങ്ങുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
ജില്ലയുടെ കിഴക്കന്‍ ഗ്രാമങ്ങളായ കോരുത്തോട്, കോസടി, മതമ്പ, പുഞ്ചവയല്‍, കണ്ണിമല പ്രദേശങ്ങളിലും സമാനമായ സാഹചര്യമാണ് കര്‍ഷകര്‍ നേരിടുന്നത്.