കുമരകം: തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ വയോധികനെ റോഡരികിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.
നഷ്ണാന്തറ രാജു (പാന്പ് രാജു – 59)വിനെയാണ് ഇന്നലെ പുലർച്ചെ കുമരകം അപ്സര ജംഗ്ഷനു സമീപം നാട്ടുകാർ കണ്ടത്. റോഡരികിൽ വീണു കിടന്ന നിലയിൽ അവശ നിലയിലാണ് രാജുവിനെ കണ്ടത്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് രാജു.മുന്പ് കോയിക്കൽച്ചിറ ചന്ദ്രൻ വധക്കേസ് പ്രതിയായി ജയിലിലായിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ രാജുവിനെ കോടതി വെറുതെ വിട്ടു.
തലയ്ക്കു മാരക പരിക്കേറ്റു രക്തം വാർന്ന നിലയിൽ അബോധാവസ്ഥയിൽ കിടന്ന രാജുവിനെക്കുറിച്ച് നാട്ടുകാർ കുമരകം പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് കുമരകം പോലീസാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്.
രാജുവിന്റെ തലയിലുണ്ടായ മാരക മുറിവ് വീണപ്പോൾ സംഭവിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. വീണപ്പോൾ സംഭവിച്ചതല്ലെന്നും മറ്റാരോ മാരകമായി ആക്രമിച്ചപ്പോൾ ഉണ്ടായതാകാം എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.