പത്തനംതിട്ട: പാൻ അപേക്ഷയുടെ മറവിലും തട്ടിപ്പ്. അനധികൃത നെറ്റ് കഫേകളും ഇന്റർനെറ്റ് സെന്ററുകളിലുമാണ് പാനിന്റെ പേരിലുള്ള തട്ടിപ്പ് നടത്തുന്നത്. കോമണ്‍ സർവീസ് സെന്ററുകൾ, അക്ഷയകേന്ദ്രം, ചില സ്വകാര്യ ബാങ്കുകൾ, എന്നിവിടങ്ങളിലൂടെയാണ് അപേക്ഷിക്കേണ്ടെതങ്കിലും ഇതൊന്നും മനസിലാക്കാതെ സാധാരണ ഇന്റർനെറ്റ് കേന്ദ്രങ്ങളിൽ എത്തുന്നവരാണ് വഞ്ചിക്കപ്പെടുന്നത്.
പാൻ അപേക്ഷിക്കുന്ന വ്യക്തിക്ക് ഇതിന്റെ രജിസ്ട്രേഷൻ നന്പരുകൾ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കൈമാറാറുണ്ട്. ഇതേ നന്പർ ഉപയോഗിച്ച് പാൻ ട്രാക്കിംഗ് നടത്താം. എന്നാൽ അനധികൃതമായി രജിസ്ട്രേഷൻ നടത്തുന്ന സ്ഥാപനങ്ങൾ ഇത്തരം നന്പരുകൾ കൈമാറാറില്ല. അപേക്ഷിച്ച് നാളുകൾ ശേഷം പാൻ ലഭ്യമാകാതെ വരുന്പോൾ ഇത്തരം കേന്ദ്രങ്ങളെ സമീപിച്ചാൽ തങ്ങൾക്ക് ഇതേപ്പറ്റി കൂടുതലൊന്നും അറിയയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
200 മുതൽ 350 രൂപ വരെ പല കേന്ദ്രങ്ങളും പാനിനായി ഈടാക്കാറുണ്ട്. അനധികൃത കേന്ദ്രങ്ങളിലാണ് കൂടുതൽ തുക. അഞ്ച് അപേക്ഷകൾ ലഭിച്ചാൽ തന്നെ 1000 രൂപയോളം ഇവർക്ക് തട്ടിച്ചെടുക്കാം. പലരും തുടർ പരാതികളുമായി പോകാത്തതും ഇവരുടെ തട്ടിപ്പിന് തുണയാകുന്നുണ്ട്.
അംഗീകൃത കേന്ദ്രങ്ങളിൽ അപേക്ഷിച്ചാൽ പാൻ സംബന്ധിച്ചുള്ള വ്യക്തമായ മറുടി ലഭിക്കും. രണ്ട് ഫോട്ടോ, ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകൾ, ആധാർ എന്നിവയാണ് പാൻ അപേക്ഷിക്കുന്നതിനൊപ്പം സമർപ്പിക്കേണ്ടത്. അപേക്ഷിച്ച് കഴിയുന്പോൾ ഇതിന്റെ രസീത് നന്പർ അപേക്ഷകനു ലഭിക്കും.സ്വന്തം കംപ്യൂട്ടർ ഉപയോഗിച്ച് വീട്ടിലിരുന്നും അപേക്ഷിക്കാം. രേഖകൾ കൃത്യമായി നല്കി വേണം അപേക്ഷ നല്കാൻ എന്നുമാത്രം.