ഇന്നലെ പണനയ പ്രഖ്യാപനത്തിനുശേഷം ഡോളറിനു നിരക്ക് കൂടി; ഓഹരികൾ കുറേ നേരം ചാഞ്ചാടിയശേഷം ഒടുവിൽ താഴോട്ടു പോയി.
റിസർവ് ബാങ്കിന്റെ പണനയത്തെപ്പറ്റി കന്പോളത്തിനു വിപരീതാഭിപ്രായം ഉണ്ടെന്നല്ല ഇതിൽനിന്നു മനസിലാക്കേണ്ടത്. ബാങ്കിന്റെ പണനയകമ്മിറ്റി (എംപിസി)യുടെ തീരുമാനം പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നു. അതിൽ അഭിപ്രായവ്യത്യാസമില്ല.പക്ഷേ ഗവർണർ ശക്തികാന്തദാസ് ഇതോടൊപ്പം വേറേ ചില കാര്യങ്ങൾ പറഞ്ഞു. അവ അത്ര ശുഭകരമല്ല.
ഒന്ന്: വളർച്ച പൊതുവേ താഴോട്ടാണെന്നു ഭയമുണ്ട്. വികസിത രാജ്യങ്ങളിലും (അമേരിക്കയും യൂറോപ്പുമടക്കം) വികസ്വര രാജ്യങ്ങളിലും (ചൈനയും റഷ്യയുമടക്കം) വളർച്ചയുടെ തോതു കുറഞ്ഞു വരികയാണ്. ഇന്ത്യയും ഈ പ്രവണതയിൽനിന്നു വിട്ടുനിൽക്കാൻ സാധ്യതയില്ല.രണ്ട്: ചില്ലറ വിലക്കയറ്റം കുറവാണെങ്കിലും ഭക്ഷ്യ- ഇന്ധന വിലകൾ മാറ്റി നിർത്തിയാൽ അത്ര കുറവാണെന്നു പറയാനാവില്ല.
ഇതൊക്കെ എല്ലാവർക്കും അറിയാവുന്നത്. പക്ഷേ റിസർവ് ബാങ്ക് ഗവർണർ എടുത്തു പറയുന്പോൾ അതിന്റെ ഗൗരവം വർധിക്കുന്നു.
2019-20ലെ വളർച്ചപ്രതീക്ഷ ഗവർണർ ദാസ് കുറച്ചു. ഫെബ്രുവരിയിൽ കണക്കാക്കിയ 7.4 ശതമാനത്തിൽ നിന്ന് 7.2 ശതമാനത്തിലേക്ക്. ഏപ്രിൽ – സെപ്റ്റംബറിൽ 6.8-7.1 ശതമാനമായിരിക്കും വളർച്ച എന്നാണു ഗവർണർ പറയുന്നത്. തെരഞ്ഞെടുപ്പ് ഉയർത്തുന്ന ആശങ്കകൾ കണക്കിലെടുക്കാതെയാണു ദാസിന്റെ കണക്കുകൂട്ടൽ. മൺസൂൺ മോശമാകാനുള്ള സാധ്യത അദ്ദേഹം പരിഗണിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ റീപോനിരക്ക് കുറച്ചത് മനസിലാക്കാവുന്നതേ ഉള്ളൂ. വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള വഴിയാണു നിരക്കു കുറയ്ക്കൽ. അതുഫലപ്രദമാകണമെങ്കിൽ വായ്പാപലിശ കുറയണം.
റിസർവ് ബാങ്ക് കുറയ്ക്കുന്നതിന് ആനുപാതികമായി ബാങ്കുകൾ പലിശ കുറയ്ക്കുന്നില്ല. ഫെബ്രുവരിയിൽ റീപോ കാൽശതമാനം കുറച്ചു. ഏതാനും ബാങ്കുകൾ മാത്രം പലിശ കുറച്ചു. അതും 0.1 ശതമാനം മാത്രം. ഇപ്പോഴും അങ്ങനെയൊക്കെയേ സംഭവിക്കൂ.
പലിശ നിശ്ചയിക്കാൻ ബാഹ്യ മാനദണ്ഡം വയ്ക്കണമെന്നു റിസർവ് ബാങ്ക് നിർദേശിച്ചതും പ്രാവർത്തികമായില്ല. അതു നടപ്പാക്കിയാലും എത്ര ശതമാനം ലാഭ മാർജിൻ വേണമെന്നതു ബാങ്കുകൾ തന്നെ തീരുമാനിക്കുന്പോൾ ഉപയോക്താക്കൾക്കു നേട്ടമില്ല. മറിച്ച് പലിശ കൂടുന്ന പ്രവണതയൊണെങ്കിൽ നിരക്കുകൾ മുന്നേ കയറും.
ഇന്നലത്തെ കുറയ്ക്കലോടുകൂടി റീപോ നിരക്ക് 2010-നുശേഷമുള്ള ഏറ്റവും താണ നിരക്കിലായി. ദാസ് ഗവണറായ ശേഷമുള്ള രണ്ടാമത്തെ കുറയ്ക്കലാണിത്. ഇപ്പോൾ പണനയ കാഴ്ചപ്പാട് “ന്യൂട്രൽ’’ ആണെന്നാണു ഗവർണർ പറയുന്നത്. കാലവർഷത്തെപ്പറ്റിയുള്ള അനിശ്ചിതത്വമാണു കാരണം.
വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിന്റെ നിരക്കു കുറയ്ക്കൽ വേഗം പ്രതിഫലിപ്പിക്കണമെന്നു ദാസ് പറയുന്നുണ്ട്. പക്ഷേ എന്തു ചെയ്യുമെന്നു പറഞ്ഞിട്ടില്ല. സുപ്രീംകോടതി വിധി മൂലം കിട്ടാക്കടം പിടിക്കാനുള്ള ശ്രമത്തിനു തിരിച്ചടി ഉണ്ടായെന്നു ഗവർണർ സമ്മതിക്കുന്നു. പക്ഷേ അതു മറികടക്കാനുള്ള മാർഗത്തെപ്പറ്റി അദ്ദേഹം ഒന്നും പറഞ്ഞില്ല.
റീപോയും റിവേഴ്സ് റീപോയും
റീപോ നിരക്ക്: ബാങ്കുകൾ അടിയന്തര ഘട്ടത്തിൽ റിസർവ് ബാങ്കിൽ കടപ്പത്രങ്ങൾ ഈടുവച്ച് എടുക്കുന്ന ഏകദിന വായ്പയുടെ പലിശ. ഇതിപ്പോൾ
ആറുശതമാനമാക്കി.
റിവേഴ്സ് റീപോ: ബാങ്കുകൾ മിച്ച പണം റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്പോൾ ലഭിക്കുന്ന പലിശ. ഇത് 5.75 ശതമാനമാക്കി.
ഇന്നലെ നടന്നത്
റിസർവ് ബാങ്ക് റീപോ നിരക്ക് കാൽശതമാനം കുറച്ചു. പണനയ കമ്മിറ്റിയിൽ നാലുപേർ ഇതിനെ അനുകൂലിച്ചു. രണ്ടുപേർ കുറയ്ക്കണ്ട എന്നു വാദിച്ചു.
രൂപയ്ക്ക് ഇടിവ്
മുംബൈ: കഴിഞ്ഞ ദിവസങ്ങളിൽ ഡോളറിനെതിരേ ഉയർന്നുപോന്ന രൂപ ഇന്നലെ താഴോട്ടുപോയി. ഡോളർ നിരക്ക് 76 പൈസ കൂടി 69.17 രൂപയായി. മൂന്നു ദിവസം കൊണ്ട് 92 പൈസ കയറിയ ശേഷമാണ് രൂപ ഇന്നലെ താണത്. റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കുറച്ചതും ഇതിനു കാരണമായി.
ഫിച്ച് റേറ്റിംഗ് ഉയർത്തിയില്ല
ന്യൂഡൽഹി: ആഗോള റേറ്റിംഗ് ഏജൻസിയായ ഫിച്ച് ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തിയില്ല. 2006-ൽ നൽകിയ ബിബിബി മൈനസ് ആണ് ഇന്നലെ വീണ്ടും നൽകിയത്. സർക്കാരിന്റെ ധനനില ഭദ്രമല്ലെന്ന് ഏജൻസി വിലയിരുത്തി. നിക്ഷേപയോഗ്യമായവയിൽ ഏറ്റവും താണ റേറ്റിംഗാണ് ഇന്ത്യയുടേത്.
ഭരണത്തുടർച്ച ഉറപ്പില്ലെന്ന മട്ടിലാണ് ഫിച്ചിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞുവരുന്ന ഭരണകൂടത്തിന്റെ നയം വ്യക്തമായലേ ഹ്രസ്വകാല വിലയിരുത്തൽ സാധിക്കൂ. കഴിഞ്ഞ 30 വർഷത്തിനിടെ മാറിമാറി വന്ന സർക്കാരുകളെല്ലാം സാന്പത്തിക പരിഷ്കരണങ്ങളോടു യോജിക്കുന്നവയായിരുന്നെന്നും ഫിച്ച് പറഞ്ഞു.
ഇഎംഐ കുറയുന്നത് ഇങ്ങനെ
റീപോ നിരക്ക് കുറച്ചു. ഇതിന് ആനുപാതികമായി ബാങ്കുകൾ വായ്പ പലിശ കുറച്ചാൽ പ്രതിമാസ ഗഡുവിൽ (ഇഎംഐ) വരുന്ന കുറവ് ഇങ്ങനെ.
ഭവനവായ്പ
തുക: 30 ലക്ഷം രൂപ
കാലാവധി: 15 വർഷം
പലിശ ഇപ്പോൾ: 8.75 ശതമാനം
ഇഎംഐ: 29,983 രൂപ
പലിശ 0.25 ശതമാനം
കുറഞ്ഞാൽ
ഇഎംഐ: 29,542 രൂപ
കുറവ് 441 രൂപ
വാഹന വായ്പ
തുക : 5 ലക്ഷം രൂപ
കാലാവധി: ഏഴു വർഷം
പലിശ: 9.25 ശതമാനം
ഇഎംഐ: 8,108 രൂപ
പലിശ 9 ശതമാനം ആയാൽ
ഇഎംഐ: 8044 രൂപ
കുറവ്: 64 രൂപ
തുക : 10 ലക്ഷം
കാലാവധി: 7 വർഷം
പലിശ: 9.25 ശതമാനം
ഇഎംഐ: 16,216 രൂപ
പലിശ: 9 ശതമാനം
ഇഎംഐ: 16,089 രൂപ
കുറവ്: 127 രൂപ
മിക്ക ബാങ്കുകളും നിരക്ക് മാറ്റത്തിന്റെ ഫലം അപ്പോൾതന്നെ ഇടപാടുകാർക്കു നൽകില്ല. വർഷത്തിൽ ഒരു തവണയാണ് അവ നിരക്ക് മാറ്റുക.
സാധാരണ ബാങ്കുകൾ നിരക്കു മാറ്റുന്നതിനു പകരം കാലാവധി കൂട്ടുകയോ കുറയ്ക്കുകയോ ആണു ചെയ്യുന്നത്.
റ്റി.സി.മാത്യു