കോട്ടയം: നാവിലും അരിയിലും ആദ്യാക്ഷരമെഴുതി കുരുന്നുകൾ അറിവിന്റെ അക്ഷരവെളിച്ചത്തിലേക്ക്. പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ നാലു മുതൽ ആരംഭിച്ച വിദ്യാരംഭത്തിൽ ആയിരത്തിലേറെ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. രണ്ട് മുതൽ പൂജയ്ക്കുവച്ച ഗ്രന്ഥങ്ങൾ എടുത്തു.
വൈകിട്ടുവരെയാണ് വിദ്യാരംഭ ചടങ്ങുകൾ. മുപ്പത്തി അഞ്ച് ആചാര്യന്മാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നത്. മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ എത്തുന്ന ക്ഷേത്രം കൂടിയാണ് പനച്ചിക്കാട് സരസ്വതി ദേവീക്ഷേത്രം.
ക്ഷേത്രത്തിലെ പൂജവയ്പ്പ് ചടങ്ങുകൾ കഴിഞ്ഞ ദിവസം സരസ്വതി നടയിൽ നടന്നു. ഇതിനു മുന്നോടിയായി വിശിഷ്ട ഗ്രന്ഥങ്ങൾ വഹിച്ചുകൊണ്ടുള്ള ഗ്രന്ഥമെഴുന്നള്ളിപ്പ് ഘോഷയാത്രയും നടന്നു.
സരസ്വതിസന്നിധിയിൽ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിൽ ഗ്രന്ഥങ്ങൾ പൂജ വച്ചു. സരസ്വതിനടയിൽ വെള്ളി അങ്കി സമർപ്പണവും നടന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലും എഴുത്തിനിരുത്തു നടന്നു. കോട്ടയം രഞ്ജിനി സംഗീതസഭ, കുട്ടികളുടെ ലൈബ്രറി, കുമരകം കലാഭവൻ, പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി എന്നിവിടങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തി. എല്ലാ കേന്ദ്രങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.