പനച്ചിക്കാട്: നാളെ നടത്താനിരുന്ന പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവതാളത്തിൽ. നാളെ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം സിപിഎം അട്ടിമറിക്കുകയായിരുന്നുവെന്നും ഇതിനെതിരെ കമ്മീഷന് പരാതി നൽകുമെന്നും പഞ്ചായത്തിലെ കോണ്ഗ്രസ് അംഗങ്ങൾ അറിയിച്ചു.
ഇതോടെ പഞ്ചായത്ത് ഭരണസമിതിയിൽ വീണ്ടും വിവാദങ്ങൾക്ക് തുടക്കമായി. പ്രസിഡന്റിനും, വൈസ് പ്രസിഡന്റിനും എതിരെ പ്രതിപക്ഷ കക്ഷിയായ കോണ്ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപിയിലെ രണ്ട് അംഗങ്ങളും, ബിഡിജഐസ് അംഗവും അനുകൂലിച്ച് വോട്ട് ചെയ്തതിനെ തുടർന്നാണ് ഇരുവരും പുറത്തായത്.
തുടർന്ന് നാളെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ നിർദേശം നൽകി. വരണാധികാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച വിജ്ഞാപനത്തിന്റെ പകർപ്പും പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നു.
എന്നാൽ ഏഴു ദിവസങ്ങൾക്ക് മുന്പു പഞ്ചായത്തംഗങ്ങൾക്ക് നോട്ടീസ് കിട്ടാതായതോടെയാണ് തെരഞ്ഞെടുപ്പ് നടക്കില്ലെന്ന വിവരമറിയുന്നത്.
അതേസമയം തനിക്ക് അറിയിപ്പ് ലഭിക്കാതിരുന്നതാണ് തെരഞ്ഞെടുപ്പ് നടത്താൻ കഴിയാതെ വന്നതെന്ന് വരണാധികാരി പഞ്ചായത്തംഗങ്ങളെ അറിയിച്ചു.