കോട്ടയം: വിവാദങ്ങൾക്കൊടുവിൽ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ 25ന് നടത്തും. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. അവിശ്വാസത്തിലൂടെ പുറത്തായ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ 22ന് നടക്കേണ്ടിയിരുന്നതാണ്.
തെരഞ്ഞെടുപ്പ് വരണാധികാരിയായ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്ക് ഇ-മെയിൽ അറിയിപ്പ് ലഭിച്ചില്ലെന്ന കാരണത്താലാണ് അന്നു മുടങ്ങിയത്. ഇതേതുടർന്ന് ഭരണ കക്ഷിയായിരുന്ന സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന എന്ന ആക്ഷേപം ഉയർത്തി കോണ്ഗ്രസ് അംഗങ്ങൾ കളക്്ടർക്കും, തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു.
ഇതേതുടർന്ന് കോട്ടയം ഇലക്്ട്രിക്കൽ ഓഫീസർ ജയിംസ്കുട്ടി തോമസ്, തെരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്്ടർ പ്രേമലത എന്നിവരോട് വിശദീകരണം ആവശ്യപെട്ടിരുന്നു.വിവിധ കാരണങ്ങൾ ഉന്നയിച്ച് പ്രസിഡന്റിനും, വൈസ് പ്രസിഡന്റിനും എതിരെ പ്രതിപക്ഷ കക്ഷിയായ കോണ്ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപിയിലെ രണ്ട് അംഗങ്ങളും, ബിഡിജഐസ് അംഗവും അനുകൂലിച്ച് വോട്ട് ചെയ്തതിനെ തുടർന്നാണ് ഇരുവരും പുറത്തായത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
തുടർന്ന് കഴിഞ്ഞ 22ന് തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ നിർദേശം നൽകിയിരുന്നു. വരണാധികാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച വിജ്ഞാപനത്തിന്റെ പകർപ്പും പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ഏഴു ദിവസങ്ങൾക്ക് മുന്പ് പഞ്ചായത്തംഗങ്ങൾക്ക് നോട്ടീസ് കിട്ടാതായതോടെയാണ് തെരഞ്ഞെടുപ്പ് മുടങ്ങിയ വിവരം ജനപ്രതിനിധികൾ അറിഞ്ഞത്.