കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 10 മുതൽ 19 വരെ നടക്കും. പ്രധാന ആഘോഷങ്ങൾ 19ന് അവസാനിക്കുമെങ്കിലും കലോപാസകരുടെ വർധനയെത്തുടർന്നു 8, 9 തീയതികളിൽ കൂടി ചേർത്തു 12 ദിവസം ഉത്സവമായി ആഘോഷിക്കും.
എട്ടിനു രാവിലെ എട്ടിനു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള നവരാത്രി കലോപാസന ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള രണ്ടു ദിവസം പൂർണമായും കലോപാസനാ ചടങ്ങുകൾ നടക്കും. പത്തിനു രാത്രി ഏഴിനു ദേശീയ സംഗീതനൃത്തോത്സവം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കച്ഛപി പുരസ്കാര വിതരണവും ഇതോടൊപ്പം നടക്കും. 14ന് ഉച്ചയ്ക്കു 12നു ചേരുന്ന സമ്മേളനത്തിൽ ജസ്റ്റിസ് കെ.ടി. തോമസ് സാരസ്വതം സ്കോളർഷിപ്പുകൾ വിതരണം ചെയ്യും.
16നു വൈകുന്നേരം വിശിഷ്ട ഗ്രന്ഥങ്ങൾ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയും ഗ്രന്ഥ എഴുന്നള്ളത്തും നടക്കും. തുടർന്ന് 6.45നു പൂജവയ്പ്. 18നു മഹാനവമി ദർശനം. 19നു പുലർച്ചെ നാലിനു പൂജയെടുപ്പോടെ വിദ്യാരംഭ ചടങ്ങുകൾക്കു തുടക്കമാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിനു കുരുന്നുകൾ ആദ്യാക്ഷരം കുറിയ്ക്കുമെന്നു ദേവസ്വം ഭാരവാഹികൾ പറഞ്ഞു.