പനച്ചിക്കാട്: വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം നുകരാൻ ദക്ഷിണ മൂകാംബിയിലേക്ക് കുരുന്നുകളുടെ പ്രവാഹം. രാത്രി 12മുതൽ രക്ഷിതാക്കൾ കുട്ടികളുമായി ക്ഷേത്ര സന്നിധിയിലേക്കെത്തിക്കൊണ്ടിരുന്നു.
പുലർച്ചെ നാലിനാണ് പൂജയെടുപ്പോടെ വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. സരസ്വതി സന്നിധിയിൽ പ്രത്യേകം തയാറാക്കിയ വിദ്യാമണ്ഡപത്തിലാണ് വദ്യാരംഭം കുറിക്കൽ നടക്കുന്നത്.
നേരത്തെ തന്നെ ബുക്ക് ചെയ്ത് സ്ഥലത്തെത്തിയവർ കുട്ടികളുമായി തങ്ങളുടെ ഉൗഴത്തിനായി കാത്തു നിൽക്കുന്ന കാഴ്ചയാണ് ക്ഷേത്രത്തിനകത്തും പുറത്തും.
ഹരിശ്രീ മന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആചാര്യ·ാരുടെ നിർദേശങ്ങൾ അനുസരിച്ച് ഇണങ്ങിയും, പിണങ്ങിയും, നിലവിളിച്ചുമാണ് കുരുന്നുകൾ അക്ഷര മധുരം നുകരുന്നത്.
ഒപ്പം ദേവീ സന്നിധിയിലെ മണൽ തിട്ടയിൽ രക്ഷിതാക്കളും, ഭക്തജനങ്ങളും ഹരിശ്രീ കുറിക്കാനായി തിരക്ക് കൂട്ടുന്നതും കാണാം. ഇന്നു വൈകുന്നേരം വരെ കുട്ടികളെ എഴുത്തിനിരത്താനുള്ള സൗകര്യം അധികൃതർ ക്രമീകരിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള നവരാത്രി കാലത്ത് അക്ഷരദേവതയുടെ സന്നിധിയിലേക്ക് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഒഴുകിയെത്തിയത്. നവമി ദിനമായ ഇന്നലെയും, ഇന്നും ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
തിരക്ക് മുൻകൂട്ടി കണ്ട് വേണ്ട ക്രമീകരണങ്ങൾ ദേവസ്വം നടപ്പിലാക്കിയിരുന്നു. പോലീസിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടലുകളാണ് നടന്നു വരുന്നത്. ട്രാഫിക് നിയന്ത്രണം നടപ്പിലാക്കിയതോടെ ഗതാഗത കുരുക്കും, വിവിധ ഇടങ്ങളിൽ പാർക്കിംഗ് തരപ്പെടുത്തിയതോടെ റോഡിലെ തടസങ്ങളും ഒഴിവായി.
പൂർണമായും ക്ഷേത്രത്തിലും, പരിസരങ്ങളിലും ഹരിത ചട്ടം പാലിച്ചാണ് നവരാത്രിക്കാലം ആഘോഷിക്കുന്നത്. പഞ്ചായത്ത്, ഹരിത കേരളം മിഷൻ, ക്ഷേത്രം ദേവസ്വം എന്നിവരുടെ പങ്കാളിത്തത്തിൽ പരിത പെരുമാറ്റ ചട്ടം നടപ്പിലാക്കി വരികയാണ്.
ഇതിനായി പ്രത്യേക ടീമും പ്രവർത്തിക്കുന്നുണ്ട്. പ്രകൃതി സൗഹൃത സന്ദേശം അടങ്ങിയ ബാനറുകൾ, പോസറ്ററുകൾ എന്നിവ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്.