കോഴിക്കോട്: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട പത്തുകോടി രൂപ മുസ്ലിം ലീഗ് മഖപത്രമായ ‘ചന്ദ്രിക’യിലെത്തിയതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഇന്ന് ഹാജരാകില്ലെന്ന് സൂചന.
ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഇഡി നോട്ടീസ് നല്കിയപ്പോള് തന്നെ അറിയിച്ചിരുന്നു.കോഴിക്കോട്ടെ ചികിത്സയിലുള്ള സ്ഥലത്തെത്തിയാണ് കൊച്ചിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്.
മുസ്ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എ. അബ്ദുല്‍ സമീര്‍ നോട്ട് നിരോധന സമയത്താണ് പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടിൽ പത്ത് കോടി രൂപ നിക്ഷേപിച്ചത്.
പണത്തിന്റെ ഉറവിടം വ്യക്തമാവാത്തതോടെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിന് ലഭിച്ച കള്ളപ്പണമാണെന്നും തുക വെളുപ്പിക്കാൻ ‘ചന്ദ്രിക’യുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന ആക്ഷേപമുയരു കയായിരുന്നു.
ഇതിനിടെ പണത്തിന്റെ ഉറവിടം അന്വേഷിക്കാനാവശ്യപ്പെട്ട് ഗിരീഷ് ബാബു നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണമാരംഭിക്കുകയും പത്രത്തിന്റെ കോഴിക്കോട്ടെ ഹെഡ് ഓഫിസിൽ നടത്തിയ പരിശോധനയിൽ 34 രേഖകളും സിഡിയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നാലെ ഗിരീഷ് ബാബു ഇഡിക്കും പരാതി നൽകുകയായിരുന്നു.