വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ ബസ് സ്റ്റാൻഡിനടുത്ത് ശിവരാമപാർക്കിനു മുന്നിൽ കരിന്പന നൊങ്ക് വില്പനയായിരുന്നു ലക്ഷ്മിയുടെയും കുടുംബത്തിന്റെയും തൊഴിൽ. വാഹനത്തിൽ എത്തിക്കുന്ന പനങ്കുലകൾ ആവശ്യക്കാർക്ക് അപ്പോൾ തന്നെ വെട്ടി കൊടുക്കും.
ഏഴാം ക്ലാസിൽ പഠിക്കുന്ന മകൻ അശോകും സഹോദരപുത്രൻ സതീശും ഒപ്പമുണ്ടാകും. വർഷങ്ങളായി വേനൽ സീസണിൽ പനനൊങ്ക് വില്പനയുമായി ഇവിടെ ലക്ഷ്മി എത്താറുണ്ട്.
എന്നാൽ നിനച്ചിരിക്കാതെ പൊടുന്നനെ കോവിഡ് ഭീതി പരന്നതോടെ മറ്റു താല്ക്കാലിക കച്ചവടക്കാരെ പോലെ ലക്ഷ്മിയുടെ ഉപജീവന മാർഗ്ഗവും നഷ്ടമായി.
വാഹന ഗതാഗതം നിലച്ചതോടെ പ്രതീഷകളും തകിടം മറിഞ്ഞു.പനനൊങ്ക് അവശ്യ സാധനങ്ങളിൽ പ്പെടില്ലെന്നായപ്പോൾ പനയിൽ നിന്നിറക്കിയ പനംങ്കുലകളും വിൽക്കാനാകാതെ പാഴായി പോയി.
കൊഴിഞ്ഞാന്പാറയിലാണ് ലക്ഷ്മിയുടെ വീട്. അതിരാവിലെ വീട്ടിലെ ആണുങ്ങളാണ് പനയിൽ കയറി കുല വെട്ടിയിറക്കുക. ഓരോ കുലകളും കയറിൽ കെട്ടിയിറക്കണം. അതല്ലെങ്കിൽ നിലത്ത് വീണ് പൊളിഞ്ഞു പോകുമെന്ന് ലക്ഷ്മി പറയുന്നു.
ഉയരം കൂടിയ പനയിൽ കയറുന്നത് തന്നെ പ്രയാസകരമാണ്. പനപട്ടകളിൽ ബ്ലെയ്ഡ് പോലെ ഇരുഭാഗത്തും മുള്ളായതിനാൽ മുകളിൽ കയറി കുലയിൽ കയർ കെട്ടി ഇറക്കാനും വൈദഗ്ദ്ധ്യം വേണം. പനകൾ കൂടുതലുള്ള പൊള്ളാച്ചിയിൽ നിന്നാണ് ഇത് കൊണ്ട് വരുന്നത്. വേനലിൽ കഴിക്കാവുന്ന ഏറ്റവും ഗുണമേന്മയേറിയ ഭക്ഷണ സാധനമാണ് പനനൊങ്കെന്ന് ലക്ഷ്മി പറയുന്നു.
കൃത്രിമ പാനിയങ്ങൾക്കും ബേക്കറി സാധനങ്ങളെക്കാളും മനുഷ്യന് നല്ലത് പന നൊങ്കാണെന്ന് പ്രായമായവരും സമ്മതിക്കും. പക്ഷെ ഓരോ വർഷവും കരിന്പനകൾ കുറഞ്ഞു വരുന്നത് ഈ തൊഴിലിനും ഭീഷണിയാണ്.