കോട്ടയം: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാളുകൂടി അറസ്റ്റിൽ. അതിരന്പുഴ ഓണംതുരുത്ത് കദളിമറ്റം തലയ്ക്കൽ കെ.എ. അഭിജിത്തി (ഒബാമ-21) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം സ്വദേശിയായ അനസ് എന്നയാളെ ഭീഷണിപ്പെടുത്തി അയാളിൽനിന്നും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ കൈവശപ്പെടുത്തി അയാളുടെ ഗൂഗിൾപേയ് അക്കൗണ്ടിന്റെ പാസ്വേഡ് വാങ്ങിയതിനുശേഷം ഇത് ഉപയോഗിച്ച് അനസിന്റെ അക്കൗണ്ടിൽനിന്നും പണം ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുത്തശേഷം ഓട്ടോറിക്ഷയിൽ കയറ്റി ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ ഇറക്കി വിടുകയായിരുന്നു.
ഈ കേസിലെ പ്രതികളിൽ ഒരാളായ അനുജിത്ത് കുമാറിനെ (കൊച്ചച്ചു) കഴിഞ്ഞ ദിവസം അന്വേഷണസംഘം പിടികൂടിയിരുന്നു.
തുടർന്ന് കൂട്ടുപ്രതിയായ അഭിജിത്തിനുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും തൊടുപുഴ മുട്ടം ഭാഗത്തുനിന്നും പോലീസ് പിടികൂടുകയുമായിരുന്നു.
ഇയാൾക്ക് ഏറ്റുമാനൂർ, കടുത്തുരുത്തി, മേലുകാവ് എന്നി സ്റ്റേഷനുകളിൽ കഞ്ചാവ് കടത്ത്, കൊലപാതകശ്രമം, അനധികൃതമായി ആയുധം കൈയിൽവയ്ക്കൽ തുടങ്ങി നിരവധി കേസുകളുണ്ട്.
ഏറ്റുമാനൂർ എസ്എച്ച്ഒ രാജേഷ് കുമാറും സംഘവും ചേർന്നാണു പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.