കോട്ടയം: കാഞ്ഞിരപ്പള്ളിക്കടുത്ത് 26-ാം മൈലിൽ വച്ച് ആനിക്കാട് സ്വദേശിയെ പരിചയം ഭാവിച്ചുകൊണ്ടുപോയി ഒന്നര ലക്ഷം രൂപ മൊബൈൽ ബാങ്കിംഗ് മുഖേന തട്ടിയെടുത്തതായി പരാതി. ഇന്നലെയാണ് സംഭവം. കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ഉൗർജിതമാക്കി. നാലംഗ സംഘമാണ് പണം തട്ടിയെടുത്തതിനു പിന്നിൽ. വസ്തു കച്ചവടക്കാരാണോ ഇതിനു പിന്നലെന്നു പോലീസ് സംശയിക്കുന്നു.
ആനിക്കാട് സ്വദേശി ആന്റണി സഖറിയാസ് എന്നയാളെയാണ് തട്ടിക്കൊണ്ടുപോയത്. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ വച്ച് പരിചയം നടിച്ച് ഒരാൾ ആന്റണി സഖറിയായുടെ കറിൽ കയറി. 26-ാം മൈലിലേക്ക് എന്നു പറഞ്ഞാണ് കയറിയത്. അൽപം കഴിഞ്ഞപ്പോൾ മറ്റു നാല് പ്രതികൾ കാറിൽ പിൻതുടർന്നു.
ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ പിന്നിലൂടെ വന്ന കാർ ആന്റണി സഖറിയായുടെ കാറിനെ വിലങ്ങി. പിന്നീട് തോക്കു ചൂണ്ടി ആന്റണി സഖറിയായെ വിരട്ടി ആദ്യം കാൽ ലക്ഷം രൂപയും പിന്നീട് ഒന്നേകാൽ ലക്ഷവും മൊബൈൽ ബാങ്കിംഗ് മുഖേന മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചുവെന്നാണ് പരാതി. ആന്റണി സഖറിയാസിന്റെ പരാതിയിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു.
അതേ സമയം വസ്തു കച്ചവടം സംബന്ധിച്ച തർക്കമോ കമ്മീഷൻ ഇടപാടോ ആണ് ഇതിനു പിന്നിലെന്നു പോലീസ് സംശയിക്കുന്നു. പ്രതികളെ കണ്ടെത്താൻ ഉൗർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.