പാനമ സിറ്റി: പാനമ കനാലിൽ ജലനിരപ്പ് താഴ്ന്നതു മൂലം ഇരുനൂറിലധികം ചരക്കുകപ്പലുകൾ ഇരുഭാഗത്തുമായി കുടുങ്ങിയതായി റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വരൾച്ചയാണു കനാലിൽ ജലനിരപ്പു താഴാൻ കാരണം.
വടക്ക്, തെക്ക് അമേരിക്കൻ ഭൂഖണ്ഡങ്ങൾക്കിടയിലൂടെ പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാനമ കനാലിലെ പ്രതിസന്ധി ആഗോള ചരക്കുനീക്കത്തിൽ വലിയ പ്രതിബന്ധം സൃഷ്ടിക്കുമെന്നാണു കരുതുന്നത്.
ചില കപ്പലുകൾ മൂന്നാഴ്ചയോളമായി കാത്തുകിടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ആഴം കുറഞ്ഞതിനാൽ കപ്പലുകളിൽ കയറ്റാവുന്ന ചരക്കും പരിമിതപ്പെടുത്തേണ്ടിവരുന്നു. കനാലിലേക്കു ജലം എത്തിക്കുന്ന തടാകങ്ങളിലെ ജലനിരപ്പ് മഴക്കുറവു മൂലം താഴ്ന്ന നിലയിലാണ്.
കുറച്ചുനാളായി പാനമ വരൾച്ച നേരിടുകയാണ്. ഒക്ടോബർവരെ കനാലിലെ ജലനിരപ്പ് താഴ്ന്നു തന്നെ തുടരും. പാനമ അധികൃതരുടെ ചില നടപടികളും ചരക്കുനീക്കം പ്രതിസന്ധിയിലാക്കുന്നതായി പറയുന്നുണ്ട്.