കൽപ്പറ്റ: പനമരം-നെല്ലിയമ്പം കാവടത്ത് റിട്ടയേര്‍ഡ് അധ്യാപകന് പദ്മാലയത്തില്‍ കേശവൻ (70), ഭാര്യ പദ്മാവതി (68) എന്നിവര്‍ കൊല്ലപ്പെട്ട കേസിലെ പ്രതി അർജുനെ പോലീസ് കുടുക്കിയത് തന്ത്രപരമായി.
ദമ്പതികളുടെ അയല്‍വാസിയാണ് യുവാവ്.
മൊഴിയില്‍ വൈരുധ്യം
കേസന്വേഷണത്തിന്റെ ഭാഗമായി മുന്‍കാല കുറ്റവാളികളടക്കം മൂവായിരത്തോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
അഞ്ചുലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കോളുകളും പ്രദേശത്തെയും സമീപപ്രദേശങ്ങളിലേയും 150 ഓളം സിസിടിവി കാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു.
അര്ജുനനെയും നേരത്തേ ചോദ്യം ചെയ്തിരുന്നു. മൊഴിയില്‍ വൈരുധ്യം കണ്ടതിനാല്‍ വീണ്ടും ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് കൈവശം സൂക്ഷിച്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
മോഷണം ലക്ഷ്യമിട്ട് സംഭവ ദിവസം സന്ധ്യക്കു വീട്ടില്‍ കയറിക്കൂടി പൂജാമുറിയില്‍ പതുങ്ങിയ അര്‍ജുനനെ കേശവന് കാണാനിടയായി.
ഇതേത്തുടര്‍ന്നു അര്ജുന് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ദമ്പതികളെ കുത്തിപ്പരിക്കേല്പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു പോലീസ് പറയുന്നു.
അര്ജുന് സഹോദരനൊപ്പമാണ് വീട്ടില്‍ താമസം. ദമ്പതികള്‍ കൊല്ലപ്പെട്ട വീടിനു പിന്നിലെ വയലിലൂടെ പ്രതിയുടെ വീട്ടില്‍ എളുപ്പമെത്താം.
കഴിഞ്ഞ ഒമ്പതിനു മാനന്തവാടി ഡിവൈഎസ്പിയുടെ കാര്യാലയത്തില്‍ ചോദ്യം ചെയ്യുന്നതിനിടെ പുറത്തേക്കോടിയ യുവാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു.
മേപ്പാടി അരപ്പറ്റ വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് യുവാവ് കുറ്റസമ്മതം നടത്തിയതെന്നു പോലീസ് പറഞ്ഞു.
മോഷണശ്രമത്തിനിടെയാണ് അര്ജുന് കൊല നടത്തിയതെന്നാണ് പോലീസ് ഭാഷ്യം. ജൂണ്‍ 10നു രാത്രി അര്ജുന് നടത്തിയ ആക്രമണത്തിലാണ് ദമ്പതികള്‍ കൊല്ലപ്പെട്ടത്.
വയറിനും തലയ്ക്കും വെട്ടുംകുത്തുമേറ്റ കേശവന് രാത്രിതന്നെ മരിച്ചു. നെഞ്ചിനും കഴുത്തിനും ഇടയില്‍ കുത്തേറ്റ പദ്മാവതി പിറ്റേന്നു മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.
മാനന്തവാടി ഡിവൈഎസ്പി എ.പി.ചന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്.
മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ എം.എം.അബ്ദുല്‍ കരീം, കേണിച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ സതീഷ്കുമാര്‍, കല്പറ്റ സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്.ജിജേഷ് എന്നിവരടക്കം 41 പേരടങ്ങുന്നതായിരുന്നു പ്രത്യേക അന്വേഷണ സംഘം.
വീട്ടില്‍ മോഷണം നടന്നിരുന്നില്ല
താഴെ നെല്ലിയമ്പത്തു കാപ്പിത്തോട്ടത്തിലാണ് ദമ്പതികളുടെ ഇരുനില വീട്. രാത്രി നിലവിളികേട്ട് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ മുന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു.
അകത്തുനോക്കിയപ്പോഴാണ് ഹാളില്‍ കോണിപ്പടിക്കടുത്ത് സോഫയില്‍ രക്തംവാര്‍ന്നു കമിഴ്ന്നുകിടക്കുന്ന നിലയില്‍ കേശവനെ കണ്ടത്.
തുണി മുറിവില്‍ അമര്‍ത്തി നിലവിളിക്കുകയായിരുന്നു പദ്മാവതി. സംഭവസമയം വീട്ടില്‍ ദമ്പതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
വീടിന്റെ മുകള്‍നിലയില്‍നിന്നു ഇറങ്ങിവന്ന മുഖംമൂടി ധരിച്ച രണ്ടുപേരാണ് അക്രമം നടത്തിയതെന്നാണ് മരണപ്പെടുന്നതിനു മുമ്പ് പദ്മാവതി പറഞ്ഞത്.
വീട്ടില്‍ മോഷണം നടന്നിരുന്നില്ല. കൊലയ്ക്കു ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തു.
അര്ജുന് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ ഒന്നര വര്‍ഷം മുമ്പ് താഴെ നെല്ലിയമ്പത്തെ ഒരു വീട്ടില്‍നിന്നു മോഷ്ടിച്ചതാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മാനന്തവാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.