കോതമംഗലം: ബാംബു കോർപ്പറേഷന്റെ ഡിപ്പോകൾ അടച്ചുപൂട്ടുന്നതുമൂലം ഈറ്റവെട്ടും നെയ്ത്തും ഉപജീവനമാർഗമാക്കിയ ആദിവാസികൾ ഉൾപ്പെടെ കുട്ടമ്പുഴ പഞ്ചായത്തിലെ നൂറുകണക്കിന് പനമ്പ് നെയ്ത്ത് തൊഴിലാളികൾ പട്ടിണിയിലേക്ക്.
പനമ്പ് ശേഖരണ ഡിപ്പോകൾ അടച്ചുപൂട്ടുന്നതിനെതിരേ ജനരോഷവും ശക്തമായി. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ അതിജീവിച്ചാണ് ഇവർ വനത്തിൽനിന്നും ഈറ്റയും മുളയും ശേഖരിച്ച് ഉല്പന്നങ്ങൾ നെയ്തെടുക്കുന്നത്.
കാട്ടിൽനിന്നും വെട്ടി തലച്ചുമടായി എത്തിച്ച് നെയ്തുണ്ടാക്കുന്ന പനമ്പിന് 96 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
കഴിഞ്ഞ നാല് വർഷമായി ഡിഎ അടക്കമുള്ള ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുകയാണ്.
ഡിഎ കുടിശിക തീർക്കുക, ഡിപ്പോകൾ അടച്ചു പൂട്ടുമെന്ന തീരുമാനത്തിൽനിന്നും ബാംബൂ കോർപറേഷൻ പിൻമാറുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇവർ ഇന്നു സമരരംഗത്താണ്.
കുട്ടമ്പുഴ പഞ്ചായത്തിലടക്കം ഡിപ്പോകൾ അടച്ചുപൂട്ടുമെന്ന നിലപാടു വഴി ആദിവാസികളടക്കമുള്ള നിരവധി കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാനാണ് ഈ കോവിഡ് കാലത്തും അധികൃതരുടെ ശ്രമമെന്നാണ് തൊഴിലാളികളുടെ ആരോപണം.
തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് പിന്തുണയറിയിച്ച് ഐഎൻടിയുസി ഉൾപടെയുള്ളവരും സമരരംഗത്തുണ്ട്.