കറുകച്ചാൽ: അനധികൃത പണമിടപാടു നടത്തിയതിനു അറസ്റ്റിലായ വീട്ടമ്മയെ റിമാൻഡ് ചെയ്തു. കറുകച്ചാൽ ചിറയ്ക്കൽ ചക്കുങ്കൽവീട്ടിൽ ലിസി ജോർജി (61) നെയാണു കറുകച്ചാൽ പോലീസ് പിടികൂടിയത്. ഇന്നലെ ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിരവധി മുദ്രപത്രങ്ങളും, ബാങ്ക്ചെക്കുകളും മറ്റുരേഖകളും കണ്ടെത്തി.
അയൽവാസിയായ ചിറയ്ക്കൽ അഹോരമനയ്ക്കൽ അന്പിളി സുരേഷ് നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. 2015 ഫെബ്രുവരിയിൽ ആറുമാസത്തെ കാലാവധിയ്ക്ക് ലിസിയിൽനിന്നും അൻപതിനായിരം രൂപ അന്പിളി വായ്പ വാങ്ങിയിരുന്നു. ഇതുപ്രകാരം മുദ്രപത്രം ഒപ്പിട്ടു വാങ്ങുകയും പ്രതിമാസം മുതലും പലിശയുമടക്കം 7500 രൂപ നൽകണമെന്നും ലിസി പറഞ്ഞു.
പണം അടയ്ക്കുന്നതിൽ മുടക്കം വന്നതോടെ പലിശ മുതലിനേക്കാൾ ഇരട്ടിയായി. മുദ്രപത്രം കാണിച്ച് ഭീക്ഷണിപ്പെടുത്തുകയും, കേസ് കൊടുക്കുമെന്നും പറഞ്ഞ് മൂന്നു വർഷം കൊണ്ട് അന്പിളിയിൽനിന്നും നാലുലക്ഷം രൂപയോളം ഇവർ വാങ്ങിയതായാണു പരാതിയിൽ പറയുന്നത്.