കോട്ടയം: പരിചയഭാവം നടത്തി മധ്യവയസ്കനെ മദ്യപിപ്പിച്ചശേഷം പണം തട്ടി. കോട്ടയം നഗരത്തിലാണു സംഭവം. തിരുനക്കര മൈതാനത്ത് വിശ്രമിക്കുകയായിരുന്ന തെക്കൻ ജില്ലയിൽനിന്നുള്ള മധ്യവയസ്കന്റെയാണു പണം തട്ടിയത്. പുതുപ്പള്ളി സ്വദേശികളായ മൂന്നു പേരടങ്ങുന്ന സംഘം ഉച്ചയ്ക്കുശേഷം തിരുനക്കര മൈതാനത്തിരുന്ന മധ്യവയസ്കനെ സമീപിച്ചു.
പരിചയഭാവത്തിൽ സംസാരിക്കുകയും മൈതാനത്തിനു സമീപമുള്ള ബാറിലേക്കു മദ്യപിക്കുവാൻ ക്ഷണിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പണം ഉപയോഗിച്ച് നാലു പേരും മദ്യപിക്കുകയും ബാറിൽനിന്നും പുറത്തിറങ്ങിയശേഷം ഇയാളെ തള്ളിയിട്ടു പണം അപഹരിക്കുകയുമായിരുന്നു.
17000 രൂപ പിടിച്ചുപറിച്ച സംഘം സ്ഥലത്തുനിന്നും മുങ്ങി. വഴിയാത്രക്കാർ പോലീസിൽ അറിയിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിൽ സംഘത്തെ ഇതിനുസമീപമുള്ള മറ്റൊരു ബാറിൽനിന്നും പിടികൂടി. മൂന്നു പേരും ചേർന്നു പിടിച്ചുപറിച്ച പണം വിനിയോഗിച്ച് ഒരുകുപ്പി മദ്യം വാങ്ങി സേവിച്ചുകൊണ്ടിരിക്കുകയായിരുന്നു. പോലീസ് മൂവരെയും പിടികൂടി പണം വാങ്ങി തിരികെ മധ്യവയസ്കനു നൽകി.