തൊടുപുഴ: കുളമാവ് പോലീസ് അറസ്റ്റ് ചെയ്ത പണമിടപാടുകാരൻ മുട്ടം എള്ളുംപുറം അരീപ്പാക്കൽ സിബി തോമസി ന്‍റെ (49) സാന്പത്തിക സ്രോതസുകളെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
2015ൽ മുട്ടത്ത് ഓട്ടോ ഓടിച്ചു നടന്ന സിബി തോമസിന് ഇപ്പോൾ കോടികളുടെ ആസ്തിയാണുള്ളത്. കഴിഞ്ഞ വർഷം 11 കോടിയാണ് ഇയാൾ നികുതിവകുപ്പിനു വാർഷിക റിട്ടേണ്‍ സമർപ്പിച്ചത്.
വീട്ടമ്മമാർ ഉൾപ്പെടെ നിരവധിയാളുകളെ കൃത്രിമ രേഖകൾ ചമച്ചു കടക്കെണിയിലാക്കി വഞ്ചിച്ച കേസിലാണ് കുളമാവ് സിഐ സുനിൽ തോമസിന്‍റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി ആർ.കറുപ്പ സ്വാമിയുടെ നിർദേശത്തെത്തുടർന്നാണ് നടപടി. തൊടുപുഴ മേഖലയിൽനിന്നു ലഭിച്ച നാലു പരാതികളിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതിക്കെതിരേ അറസ്റ്റ് വാറണ്ടും
ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലും കോടതിയിലും നിരവധി വഞ്ചനാ കേസുകൾ നിലവിലുണ്ടെ ന്നു പോലീസ് പറഞ്ഞു.
കേസുകളുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കായി ഹാജരാകണമെന്നാവശ്യപ്പെട്ടു സിബി തോമസിന് പോലീസ് സ്റ്റേഷനുകളിൽനിന്നും ഹൈക്കോടതി ഉൾപ്പെടെ വിവിധ കോടതികളിൽനിന്നും രേഖാ മൂലം ഉത്തരവ് നൽകിയിരുന്നു.
എന്നാൽ, പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇയാൾ ഹാജരാകാൻ തയാറായില്ല. ഇതേ തുടർന്ന് ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇതിന്‍റെ തുടർ നടപടികളുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്.കെണിയിലാക്കിയ സ്ത്രീകളെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്ന പരാതിയിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
തൊടുപുഴയിലെ അരീപ്ലാക്കൽ ഫൈനാൻസ് എന്ന പണമിടപാട് സ്ഥാപനത്തിന്‍റെ മറവിലാണ് ഇയാൾ സാന്പത്തിക തട്ടിപ്പുകൾ നടത്തിയിരുന്നത്.
സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകളിൽനിന്നും ഒപ്പിട്ട ചെക്കുകളും മുദ്രപ്പത്രങ്ങളും ഉൾപ്പെടെയുള്ള രേഖകൾ ഈടായി വാങ്ങിയ ശേഷമാണ് ഇയാൾ പണം നൽകിയിരുന്നത്.
പ്രോമിസറി നോട്ടെന്ന പേരിലുള്ള അപേക്ഷകളിൽ ഇയാൾ ഒപ്പിട്ടു വാങ്ങിയ ശേഷം ഇതിൽ കൂടിയ തുകയും മറ്റും എഴുതിചേർക്കുകയായിരുന്നു.
പണം നൽകിയില്ലെങ്കിൽ പീഡനവും
പണം വാങ്ങിയവർ മുതലും അത്ര തന്നെ പലിശയും തിരികെ കൊടുത്താലും ഈടായി നൽകിയ രേഖകൾ തിരിച്ചു നൽകാതെ വീണ്ടും പണം ആവശ്യപ്പെടും.
തിരിച്ചടയ്ക്കുന്ന പണത്തിനു രസീതും നൽകിയിരുന്നില്ല. ഇതിനെതിരെ പ്രതികരിച്ചാൽ നൽകിയ പണത്തിന്‍റെ പതിൻമടങ്ങ് തുക എഴുതിച്ചേർത്ത് രേഖകൾ കോടതിയിൽ സമർപ്പിച്ചു കേസാക്കുകയാണ് ഇയാളുടെ രീതി. ഇതിന് പുറമേ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും ചെയ്യും.
ഇതോടെ മാനഹാനി ഭയന്ന് പലരും ഇയാൾ പറയുന്ന തുക നൽകി കേസിൽനിന്നു തലയൂരുകയായിരുന്നു പതിവ്. പണം നൽകാൻ കഴിയാത്ത സ്ത്രീകളെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നും പരാതിയുണ്ട്. മുട്ടം സ്വദേശിനായ വീട്ടമ്മ പരാതി പോലീസിൽ നൽകിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
ഒപ്പിട്ടു വാങ്ങുന്നത് വ്യാജരേഖയിൽ
2800ലധികം ആളുകൾക്ക് ഈ സ്ഥാപനത്തിൽനിന്ന് ഈടു വാങ്ങി വായ്പ നൽകിയിട്ടുണ്ടെന്നു പോലീസ് പരിശോ ധനയിൽ കണ്ടെത്തി.
ഇതിൽ 2,700 പേരും വായ്പ തിരിച്ചടച്ചിട്ടുണ്ട്. ഈടായി നൽകിയ രേഖകൾ തിരികെ നൽകാത്തത് ചോദ്യം ചെയ്തതിന്‍റെ പേരിൽ 1200ലധികം പേർക്കെതിരെ സിബി തോമസ് കോടതിയിൽ വ്യാജക്കണക്കുകൾ എഴുതിച്ചേർത്തു കേസ് നൽകിയിട്ടുണ്ട്.
പ്രതിയുടെ അനധികൃത സ്വത്തു സന്പാദനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഇൻകം ടാക്സ് വകുപ്പിനോടു പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു പുറമേ പണമിടപാട് സ്ഥാപനം നടത്താനുള്ള ലൈസൻസ് റദ്ദ് ചെയ്യണ മെന്നാവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ മൂന്ന് മാസം മുന്പ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
10,000 രൂപയ്ക്കു മുതലുള്ള വായ്പാ ഇടപാടുകൾ ബാങ്ക് അക്കൗണ്ട് വഴി വേണമെന്നിരിക്കെ വായ്പയെടുത്തവരുടെ അക്കൗണ്ട് വഴി പണമിടപാടു നടത്തിയതായി തെളിവില്ലെന്നു പോലീസ് പറഞ്ഞു.
സിബിയുടെ ഇടപാടുകളെകുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസും ഇൻകം ടാക്സ് വകുപ്പും.