പാലക്കാട്: പത്തു മാസം കൊണ്ട് പണം ഇരട്ടിപ്പിച്ചു നല്കുമെന്ന് വാഗ്ദാനം ചെയ്ത് കോയന്പത്തൂർ ആസ്ഥാനമായുള്ള സ്ഥാപനം തട്ടിയത് എണ്ണായിരം കോടിയോളം രൂപ.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നായി മുപ്പതിനായിരത്തോളം പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. ഇതിൽ 18,000 പേർ ഒൗദ്യോഗികമായി പോലീസിൽ പരാതി നല്കിയിട്ടുണ്ട്.
കോയന്പത്തൂർ ആസ്ഥാനമായ യൂണിവേഴ്സൽ ട്രേഡിംഗ് സൊലൂഷൻസ് (യുടിഎസ്) എന്ന സ്ഥാപനമാണ് വൻ തട്ടിപ്പ് നടത്തിയത്. തമിഴ്നാട് സ്വദേശി ഗൗതം രമേഷ് ആണ് കന്പനിയുടെ മാനേജിംഗ് ഡയറക്ടർ.
സാധാരണക്കാർ മുതൽ രാഷ്ട്രീയക്കാരും സമൂഹത്തിലെ ഉന്നതരും തട്ടിപ്പിനിരയായിട്ടുണ്ട്. ഇതിൽ സാധാരണക്കാരായ ആളുകളാണ് പരാതികളുമായി രംഗത്തെത്തിയിട്ടുള്ളത്.
മറ്റുള്ളവർ നാണക്കേടോർത്ത് പരാതി നല്കിയിട്ടില്ല. മക്കളുടെ വിവാഹത്തിനും വീടുപണിക്കും ഒക്കെ മാറ്റിവച്ച പണമാണ് സാധാരണക്കാരായ പലരും കന്പനിയിൽ നിക്ഷേപിച്ചത്.
ഇവരെല്ലാം ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. പണം നിക്ഷേപിച്ചവർക്ക് വിശ്വാസ്യതയ്ക്കായി സ്റ്റാംപ് പേപ്പറിൽ ഒപ്പിട്ടു നല്കിയിരുന്നു.
പാവപ്പെട്ടവരുടെ കല്യാണം പോലും മുടക്കി തട്ടിപ്പ് നടത്തിയ കന്പനിയുടെ എംഡി ഗൗതം രമേഷിന്റെ വിവാഹം കഴിഞ്ഞ മാസം 29 ന് അത്യാർഭാടപൂർവമാണ് നടത്തിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കന്പനിയുടെ കോയന്പത്തൂരിലെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇടപാടുകൾ സുതാര്യമല്ലെന്ന് കണ്ടെത്തി കന്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
എന്നാൽ ഈ അക്കൗണ്ടുകളിൽ 27 കോടിയോളം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി പണമെല്ലാം ഗൗതം രമേഷ് മാറ്റിയതായി നിക്ഷേപകർ പറഞ്ഞു.
അതേസമയം ഗൗതം രമേഷിന് വൻ രാഷ്ട്രീയ സ്വാധീനവും ഉള്ളതായാണ് വിവരം. ഓരോ സംസ്ഥാനത്തേയും പ്രബലരായ രാഷ്ട്രീയ കക്ഷികളുടെ പിൻതുണയോടെയാണ് ഇയാൾ നിക്ഷേപകരെ ആകർഷിച്ചത്.
അതാത് രാഷ്ട്രീയപാർട്ടികളിലെ പ്രാദേശിക നേതാക്കന്മാരെ കയ്യിലെടുത്തതിനാൽ അവരും നിക്ഷേപത്തിന് സാധാരണക്കാരെ പ്രേരിപ്പിച്ചിരുന്നതായാണ് വിവരം. രാഷ്ട്രീയക്കാർക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്.
എന്നാൽ നിയമപരമായി കന്പനി ഉടമയെ അറസ്റ്റ് ചെയ്യാൻകഴിയുമെങ്കിലും നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ കഴിയുമോ എന്ന് വ്യക്തമല്ല. തട്ടിയെടുത്ത പണം എവിടെയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല.
കന്പനിയുടെ ഓഫീസുകളെല്ലാം ഇപ്പോൾ പൂട്ടിയിട്ടിരിക്കുകയാണ്. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കെ ഇനിയും തുക വർധിക്കുമെന്നാണ് സൂചന.