കൊച്ചി: പ്രകോപനം ഉണ്ടാവുന്ന സന്ദർഭങ്ങളിൽ പോലും സമചിത്തത കൈവിടാതെ സംയമനത്തോടെ പോലീസ് പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്.
പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുന്നവരോട് നല്ല രീതിയിൽ പെരുമാറണമെന്നത് പോലീസിന്റെ കൃത്യനിർവഹണത്തിന്റെ ഭാഗമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
നെട്ടൂർ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിശദീകരണം.വാടക വീടിന്റെ ഉടമസ്ഥനുമായുള്ള തർക്കത്തെ തുടർന്നാണ് പരാതിക്കാരി ഭർത്താവിനൊപ്പം എറണാകുളം പനങ്ങാട് പോലീസ് സ്റ്റേഷനിലെത്തിയത്.
പരാതിക്കാരിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ഇൻസ്പെക്ടർ ഇരുകക്ഷികളെയും വിളിച്ചുവരുത്തി സംസാരിച്ചു. ഇതിനിടയിൽ അതിരൂക്ഷമായ ഭാഷയിൽ ആക്രോശിച്ച ഇൻസ്പെക്ടർ തന്നെ സ്റ്റേഷനിൽനിന്ന് ഇറക്കിവിട്ടതായി പരാതിക്കാരി വ്യക്തമാക്കുന്നു.
കമ്മീഷൻ എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണറിൽനിന്നു റിപ്പോർട്ട് വാങ്ങി. പരാതിയിൽ പനങ്ങാട് ഇൻസ്പെക്ടർക്ക് താക്കീത് നൽകിയെന്നും പരാതിക്കാരി സിവിൽ കോടതിയിൽ പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്ക് കോടതി മുഖാന്തിരം പരിഹാരം കാണാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിയും റിപ്പോർട്ടും പരിശോധിച്ച കമ്മീഷൻ ആരോപണം ശരിയാണെന്ന് നിരീക്ഷിച്ചു. ഇൻസ്പെക്ടർക്ക് താക്കീത് നൽകിയ സാഹചര്യത്തിൽ കൂടുതൽ നടപടികൾ നിർദേശിക്കുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു.
ഭാവിയിൽ ഇത്തരത്തിലുള്ള പെരുമാറ്റം പനങ്ങാട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടാകരുതെന്നും ജസ്റ്റീസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.