മരട്: പരിക്കേറ്റ് റോഡിൽ കിടന്നവരെ ആശുപത്രിയിലെത്തിക്കാതെ ജീപ്പുമായി മുങ്ങിയ പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം പനങ്ങാട് എൻ എം സ്റ്റോർ ജംഗ്ഷനിലാണരുന്നു സംഭവം. ബൈക്കിനു പിന്നിൽ കാർ ഇടിച്ച് ചേപ്പനം സ്വദേശി രമണൻ (52) ഭാര്യ സീതക്കുട്ടി (48) എന്നിവർക്കാണ് പരിക്കേറ്റത്.
ബൈക്കിൽനിന്ന് റോഡിൽ തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ സീതക്കുട്ടി രക്തം വാർന്ന് റോഡിൽ കിടക്കുമ്പോഴാണ് പനങ്ങാട് പോലീസ് എസ്ഐ അതുവഴി ജീപ്പിൽ വന്നത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്ന് സ്ഥലത്തുണ്ടായിരുന്നവർ എസ് ഐ യോട് ആവശ്യപ്പെട്ടു. എന്നാൽ ജീപ്പ് അല്പം കയറ്റി നിർത്തിയശേഷം മുന്നോട്ടെടുത്ത് ഓടിച്ചു പോവുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
പരിക്കേറ്റ സ്ത്രീയെ പിന്നീട് മറ്റൊരു വാഹനത്തിൽ കയറ്റി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ തിവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഇവർ അപകടനില തരണംചെയ്തിട്ടില്ല. ആശുപത്രിലെത്തിക്കാൻ വൈകിയതിനാൽ തലക്കത്തുണ്ടായ മുറിവു മൂലം രക്തം കട്ടപിടിച്ചതാണ് നില ഗുരുതരമാക്കിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.