ജോജി തോമസ്
നെന്മാറ: പനനൊങ്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. നെല്ലിയാന്പതി റോഡിൽ വിനോദസഞ്ചാരികളെ കാത്ത് പനനൊങ്ക് വിൽപ്പന നടത്തുന്നത് വില ഒന്നിന് 15 രൂപ നിരക്കിലാണ്.
തെങ്ങിൻ കരിക്ക് വിൽപ്പനയോടൊപ്പമായാണ് പനനൊങ്ക് വിൽക്കുന്നത്. വേനൽ ചൂട് കൂടിയതോടെ പാലക്കാട് ടൗണിലും പ്രാന്തപ്രദേശങ്ങളിലും പ്രാദേശികമായി കരിന്പനകളിൽ നിന്ന് വെട്ടിയെടുത്ത് പെട്ടിഓട്ടോ പോലുള്ള വാഹനങ്ങളിൽ എത്തിച്ച് റോഡരികിൽ ഇറക്കി മധുരമുള്ള പനനൊങ്കിന്റെ കണ്ണ് ഭാഗം മാത്രം എടുത്ത് പ്ലാസ്റ്റിക് കൂടുകളിലാക്കിയും വിൽപ്പന തകൃതിയാക്കുന്നു.
ഇത്തരത്തിൽ ചൂഴ്ന്നെടുത്ത് വെള്ളം നഷ്ടപ്പെടാതെ എടുത്ത 10 എണ്ണം 70 രൂപയ്ക്കാണ് കച്ചവടക്കാർ റോഡരികിൽ വിൽക്കുന്നത്.
തൃശ്ശൂർ ജില്ലയിലാണ് പനനൊങ്കിന് ആവശ്യക്കാരേറെ. കൊഴിഞ്ഞാന്പാറ, വടകരപ്പതി, കോഴിപ്പാറ തുടങ്ങിയ കിഴക്കൻ മേഖലകളിൽ നിന്നാണ് പനനൊങ്ക് വ്യാപകമായി വ്യാപാരികൾ ശേഖരിക്കുന്നത്.
ആണ് പനകൾ കള്ള് ചെത്താൻ ഉപയോഗിക്കുന്നതിനാൽ പെണ് പനകളിൽ നിന്നാണ് നൊങ്ക് വെട്ടുന്നതിന് പാകമായ കുലകൾ വെട്ടിയെടുക്കുന്നത്.
കുലകളുടെ എണ്ണം അനുസരിച്ച് പനകൾക്കു 250 മുതൽ 400 രൂപ വരെ കർഷകർക്ക് വില നൽകാറുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
ഒരു സീസണിൽ കുലകളുടെ എണ്ണം അനുസരിച്ച് മൂന്നു മുതൽ അഞ്ചു പ്രാവശ്യം വരെ പനനൊങ്ക് കുലകൾ വെട്ടിയിറക്കാറുണ്ട്.
കൊഴിഞ്ഞാന്പാറ ഭാഗത്തുള്ള പ്രശസ്തമായ സ്വകാര്യ ആശുപത്രി വളപ്പിൽ നിന്നും വ്യാപകമായി കരിന്പനകൾ പാട്ടത്തിനെടുത്ത് ദിവസവും ഒരു ടെന്പോ ലോഡ് വീതം വിൽപ്പനക്കായി വിവിധ സ്ഥലങ്ങളേിലേക്കായി കയറ്റി കൊണ്ടുപോകാറുണ്ടെന്നും കച്ചവടക്കാരനായ മുരുകേശൻ പറഞ്ഞു.
ചെറുകിട വ്യാപാരികൾക്ക് വില്പനയ്ക്ക് ഇറക്കി കൊടുക്കുന്ന അതേ വാഹനത്തിൽ തന്നെ നൊങ്ക് വെട്ടിയെടുത്ത വേസ്റ്റ് വസ്തുക്കൾ ഉണക്കി വിറകിനായി കിഴക്കൻ മേഖലയിലേക്ക് കൊണ്ടുപോകുന്ന പതിവും ഉണ്ട്.
നാട്ടിൻപുറങ്ങളിൽ കരിന്പനകൾ കുറഞ്ഞതോടെ പനനൊങ്ക് കിട്ടാക്കനിയായി. പുതുതായി കരിന്പനകൾ വച്ചുപിടിപ്പിക്കാത്തതും നിലവിലുള്ളത് വെട്ടി മാറ്റിയതും കൃഷിയോഗ്യമല്ലാത്ത പാഴ് സ്ഥലങ്ങൾ മാവ്, റബർ തുടങ്ങിയ വിളകളിലേക്ക് മാറിയതും പാലക്കാട് ജില്ലയിലെ കരിന്പനയും കരിന്പന കാറ്റും പേരിനു മാത്രമായി ചുരുങ്ങി.
ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ മാത്രമാണ് നെൽവയൽ വരന്പുകളിലും പറന്പുകളിലുമായി കരിന്പനകൾ അവശേഷിക്കുന്നത്.
ഇഷ്ടിക ചൂളകളിലേക്ക് വിറകിന് വ്യാപകമായി കരിന്പനകൾ വെട്ടി മാറ്റിയതും കരിന്പനകൾ ചെത്തി കള്ളു ഉത്പാദിപ്പിച്ചിരുന്ന ചെത്ത് തൊഴിലാളികൾ മറ്റു തൊഴിലുകളിലേക്ക് തിരിഞ്ഞതും പനങ്കള്ളിനു പകരം തെങ്ങിൻ കള്ള് വ്യാപകമായതും ജില്ലയിലെ കരിന്പനയുടെ തലയെടുപ്പ് അവസാനിക്കാൻ കാരണമായി.