അന്പലപ്പുഴ: സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ വ്യാപക പണപ്പിരിവ് സജീവം. കോവിഡ് സമൂഹ വ്യാപന ആശങ്കയെത്തുടർന്നാണ് ജില്ലയിൽ വീടുകളിൽക്കയറിയുള്ള പണപ്പിരിവ് ഒരാഴ്ച മുന്പ് ജില്ലാ കളക്ടർ നിരോധിച്ചത്.
എന്നാൽ ഉത്തരവ് കാറ്റിൽപ്പറത്തി ഇപ്പോഴും വീടുകളിലെത്തിയുള്ള പണപ്പിരിവ് ഉൗർജിതമാണ്. പ്രത്യേകിച്ചും തീരദേശ മേഖലയിലാണ് ഇത്തരത്തിൽ പണപ്പിരിവ് ഉൗർജിതമായിരിക്കുന്നത്.
പെണ്മക്കളുടെ വിവാഹ ആവശ്യത്തിനും തൊഴിലുപകരണങ്ങൾ വാങ്ങുന്നതിനും ചികിത്സയ്ക്കുമൊക്കെയായാണ് ഇത്തരം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ജനങ്ങൾ പണം കടമെടുത്തിരുന്നത്. നേരത്തെ മത്സ്യമേഖല സജീവമായിരുന്നപ്പോൾ ഇവർ കൃത്യമായി പലിശ ഉൾപ്പെടെ പണം അടച്ചിരുന്നു.
എന്നാലിപ്പോൾ മത്സ്യമേഖല കോവിഡ് ആശങ്കയെത്തുടർന്ന് നിശ്ചലമായതോടെ വരുമാനം നിലച്ചിരിക്കുകയാണ്. തീരദേശത്ത് സ്ത്രീകൾ ഇത്തരം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പണം പലിശക്ക് എടുത്തിരുന്നു. ചെമ്മീൻ പീലിംഗിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം കൊണ്ട് തുക തിരിച്ചടക്കുകയും ചെയ്തിരുന്നു.
എന്നാൽ ചെമ്മീൻ പീലിംഗ് മേഖലയിൽ നിന്നുള്ള വരുമാനവും നിലച്ചതോടെ പല കുടുംബത്തിനും എടുത്ത തുക തിരിച്ചടയ്ക്കാൻ കഴിയാതെയായി. തീരദേശത്ത് കോവിഡ് സമൂഹ വ്യാപന ആശങ്ക ഉയർന്നതോടെയാണ് ഇത്തരം സ്ഥാപനങ്ങളുടെ വീടുകളിൽക്കയറിയുള്ള പണപ്പിരിവ് നിരോധിച്ചത്.
എന്നാൽ ഇത് ലംഘിച്ചുകൊണ്ട് സ്ഥാപനങ്ങളും വ്യക്തികളും ഇപ്പോഴും വ്യാപകമായാണ് പിരിവിനെത്തുന്നത്. പിന്നീട് പണം കിട്ടില്ലെന്ന ആശങ്കയെത്തുടർന്ന് പോലീസിൽ പരാതി നൽകാൻ പല കുടുംബങ്ങളും തയ്യാറായിട്ടില്ല.
ചെമ്മീൻ പീലിംഗ് പുനരാരംഭിക്കുന്പോൾ പണം തിരിച്ചടക്കാൻ തയ്യാറാണെന്നും അതുവരെ പണപ്പിരിവ് നിർത്തിവെപ്പിക്കാൻ അധികൃതർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.