പൂച്ചാക്കൽ: പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ വെടിപ്പുരയ്ക്ക് തീ പിടിച്ച് അഞ്ചു പേർ ആശുപത്രിയിൽ.
ഗുരുതരമായി പരിക്കേറ്റ പാണാവള്ളി ഏഴാം വാർഡ് മറ്റത്തിൽ വീട്ടിൽ എം.പി. തിലകൻ (55), പാണാവള്ളി 17-ാം വാർഡ് വാലുമ്മേൽ വീട്ടിൽ രാജേഷ് (45) എന്നിവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും വാലുമ്മേൽ വീട്ടിൽ വിഷ്ണു (28), തറമേൽ വന്ദനം വീട്ടിൽ ധനപാലൻ (55), മറ്റത്തിൽ വീട്ടിൽ അരുൺ കുമാർ എന്നിവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലിനാണ് അപകടം സംഭവിച്ചത്. ഈ മാസം നടക്കാനിരിക്കുന്ന സപ്താഹത്തോടനുബന്ധിച്ച് പ്രത്യേകം വഴിപാട് കൗണ്ടറും അനുബന്ധ ജോലികളും നടക്കുകയായിരുന്നു.
കതിന നിറയ്ക്കാൻ സൂക്ഷിച്ചിരുന്ന കരിമരുന്നിലേക്ക് വെൽഡിംഗ് റാഡിൽനിന്ന് തീപ്പൊരി വീണ് അപകടമുണ്ടായെന്നാണ് നിഗമനം.
നിറച്ചുവച്ചിരുന്ന കതിനകൾ കൂട്ടമായി പൊട്ടുകയും സൂക്ഷിച്ചു വച്ചിരുന്ന കരിമരുന്നിനു തീ പിടിക്കുകയുമായിരുന്നു. കതിനകൾ പൊട്ടിത്തെറിച്ച് കെട്ടിടം ഭാഗികമായി തകർന്നു.
അപകടത്തിൽപ്പെട്ടവരുടെ കരച്ചിലും ബഹളവും കേട്ട് ഓടിക്കൂടിയവർക്കു കരിമരുന്നിൽനിന്ന് ഉയർന്ന കറുത്ത പുക മൂലം രക്ഷാപ്രവർത്തനത്തിനു തുടക്കത്തിൽ ഏർപ്പെടാൻ കഴിഞ്ഞില്ല.
അപകടത്തിൽപ്പെട്ടവർ ശരീരം ആകെ പൊള്ളിയ നിലയിലായിരുന്നുവെന്ന് ക്ഷേത്ര ജീവനക്കാർ പറഞ്ഞു.ഫയർഫോഴ്സ്, പോലീസ്, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ദുരന്ത നിവാരണ സേന, ക്ഷേത്ര ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, രാജേഷ് വിവേകാനന്ദ,അഡ്വ വി.ആർ. രജിത, ജയകുമാർ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.