anനികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
കള്ളപ്പണം നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് കേന്ദ്രസർക്കാർ 1000ത്തിന്റെയും 500ന്റെയും കറൻസി നോട്ടുകൾ അസാധുവാക്കിയത്. ഇതുമൂലം എല്ലാ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നിക്ഷേപങ്ങൾ വർധിച്ചു. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നിക്ഷേപിക്കപ്പെട്ട തുകകളിൽ കള്ളപ്പണം ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിന് ചില നിക്ഷേപങ്ങളുടെ സമയത്ത് പാൻ നിർബന്ധമാക്കിയിരുന്നു.
ഒറ്റത്തവണ 50,000/- രൂപയിൽ കൂടുതൽ കാഷായി ഡെപ്പോസിറ്റ് ചെയ്യുകയോ 2016 നവംബർ ഒന്പതിനും 2016 ഡിസംബർ 30നും ഇടയ്ക്ക് ആകെ രണ്ടര ലക്ഷം രൂപയോ അതിൽ കൂടുതലോ തുക ഡെപ്പോസിറ്റ് ചെയ്യുകയോ ഉള്ള സാഹചര്യങ്ങളിൽ പാൻ നിർബന്ധമാക്കിയിരുന്നു. വിജ്ഞാപനം 104/2016 അനുസരിച്ച് ആദായനികുതി റൂൾസിലെ 114 ബിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
2015 ഡിസംബർ 30ൽ ആദായനികുതി വകുപ്പ് ഇറക്കിയ വിജ്ഞാപനം 95/2015 പ്രകാരം പല ഇടപാടുകൾക്കും പാൻ (പെർമനന്റ് അക്കൗണ്ട് നന്പർ) നിർബന്ധമാക്കിയിരുന്നു. ഇത് 2016 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു.
ഇടപാടുകൾ നടത്തുന്നത് മൈനർ ആവുകയും, മൈനറിന് നികുതിവിധേയമായ വരുമാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ മാതാപിതാക്കളിൽ ആരുടെയെങ്കിലും പാൻ നല്കിയാൽ മതി. പാൻ ഇല്ലാതിരിക്കുകയും പ്രസ്തുത ഇടപാടുകളിൽ ഏർപ്പെടുകയും ചെയ്താൽ ഫോം നന്പർ 60 പൂരിപ്പിച്ച് ഒപ്പിട്ടു നല്കിയാൽ മതി. ഈ ഫോം 2016 ജനുവരി ഒന്നു മുതൽ പരിഷ്കരിച്ചിട്ടുണ്ട്.
പുതിയ ഫോമിൽ ജനനത്തീയതി, പിതാവിന്റെ പേര്, ഇടപാടുകളുടെ വിവരം , ഇടപാടുകളുടെ രീതി, ആധാർ നന്പർ എന്നിവ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കൃഷിയിൽനിന്നു വരുമാനം ഉണ്ടെങ്കിൽ അതും അല്ലാത്ത വരുമാനവും പ്രസ്തുത ഫോമിൽ സൂചിപ്പിക്കണം. പ്രസ്തുത ഫോം നന്പർ – 60 സ്വീകരിക്കുന്നയാൾ ഇത് ആറു വർഷത്തേക്ക് സൂക്ഷിച്ചുവയ്ക്കണം.
മേൽവിവരങ്ങൾ ഫോം നന്പർ 61ൽ, ഇലക്ട്രോണിക് ആയി ഏപ്രിൽ 30നു മുന്പും (ഒക്ടോബർ ഒന്നു മുതൽ 31 മാർച്ച് വരെയുള്ള വിവരങ്ങൾ) ഒക്ടോബർ 31നു മുന്പായും (ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള വിവരങ്ങൾ) ആദായനികുതി വകുപ്പ് മുന്പാകെ സമർപ്പിക്കണം.
പാൻ നിർബന്ധമാക്കിയ ഇടപാടുകൾ താഴെപ്പറയുന്നു
1) മോട്ടോർ വാഹന ഇടപാടുകൾ
മോട്ടോർ വെഹിക്കിൾ ആക്ടിൽ വകുപ്പ് 2(28)ൽ സൂചിപ്പിച്ചിരിക്കുന്ന തരം വാഹനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്പോൾ പാൻ നിർബന്ധമായും സൂചിപ്പിക്കണം. മോട്ടോർ വെഹിക്കിൾ ആക്ടനുസരിച്ച് മേൽവാഹനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, എൻജിൻ കപ്പാസിറ്റി 25 സിസിയിൽ കുറഞ്ഞതും നാലു ചക്രങ്ങളിൽ കുറഞ്ഞതുമായ വാഹനങ്ങൾക്ക് ഇതാവശ്യമില്ല.
2) ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നതിന്
ബേസിക് സേവിംഗ്സ് അക്കൗണ്ടും ചില ടൈം ഡെപ്പോസിറ്റുകളും ഒഴികെയുള്ള എല്ലാ അക്കൗണ്ടുകളും തുടങ്ങുന്നതിന് പാൻ നിർബന്ധമാണ്. പാൻ ആവശ്യമുള്ള ടൈം ഡെപ്പോസിറ്റുകൾ 12-ാമത്തെ ഐറ്റമായി വിശദീകരിച്ചിട്ടുണ്ട്.
3) കോ-ഓപ്പറേറ്റീവ് ബാങ്കുൾപ്പടെയുള്ള ബാങ്കുകളിലോ മറ്റു സ്ഥാപനങ്ങളിലോ ക്രെഡിറ്റ് കാർഡിനോ ഡെബിറ്റ് കാർഡിനോ നല്കുന്ന അപേക്ഷകളിൽ പാൻ ആവശ്യമാണ്.
4) സെബി നിയമപ്രകാരമുള്ള ഓഹരി ഇടപാടുകൾക്കായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് പാൻ ആവശ്യമാണ്.
5) 50,000 രൂപയ്ക്കു മുകളിലുള്ള ഹോട്ടൽ ബില്ലുകൾ കാഷ് ആയി നല്കുകയാണെങ്കിൽ പാൻ ആവശ്യമാണ്. എന്നാൽ, ഒരേ ദിവസംതന്നെ 50,000 രൂപയിൽ താഴെയുള്ള ബില്ലുകൾ പല തവണ അടയ്ക്കുകയാണെങ്കിൽ മൊത്തം തുക 50,000 രൂപയിൽ കൂടിയാലും പാൻ നിർബന്ധമില്ല. അതുപോലെ പല ബില്ലുകൾ ഒരുമിച്ച് അടയ്ക്കുന്പോൾ 50,000 രൂപയിൽ കൂടുതൽ വരികയാണെങ്കിൽ അത് പണം ആയിട്ടാണു നല്കുന്നതെങ്കിലും പാൻ നിർബന്ധമാണ്.
6) വിദേശയാത്ര നടത്തുന്പോഴും 50,000 രൂപയ്ക്ക് മുകളിൽ പണം കാഷ് ആയി നല്കി ഫോറിൻ കറൻസി വാങ്ങുകയാണെങ്കിലും പാൻ ആവശ്യമാണ്.
7) 50,000 രൂപയ്ക്കു മുകളിൽ മ്യൂച്വൽ ഫണ്ടിൽനിന്നും യൂണിറ്റുകൾ വാങ്ങുകയാണെങ്കിൽ പാൻ സമർപ്പിക്കണം.
8) കന്പനികൾ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളും ബോണ്ടുകളും 50,000 രൂപയ്ക്കു മുകളിൽ വാങ്ങുകയാണെങ്കിൽ പാൻ നിർബന്ധമാണ്.
9) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ബോണ്ടുകൾ 50,000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നതിന് പാൻ സമർപ്പിക്കണം.
10) കോ ഓപ്പറേറ്റീവ് ബാങ്കുൾപ്പടെയുള്ള ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ ഒരു ദിവസം 50,000/- രൂപയ്ക്കു മുകളിൽ കാഷായി ഡെപ്പോസിറ്റ് ചെയ്യുകയോ 2016 നവംബർ ഒന്പതു മുതൽ ഡിസംബർ 30 വരെയുള്ള കാലഘട്ടത്തിൽ മൊത്തം രണ്ടര ലക്ഷം രൂപയിൽ കൂടുതൽ ഡെപ്പോസിറ്റ് ചെയ്യുകയോ ചെയ്യണമെങ്കിൽ പാൻ നിർബന്ധമായിരുന്നു.
11) ബാങ്കുകളിൽനിന്നും 50,000 രൂപയ്ക്കു മുകളിൽ ഡ്രാഫ്റ്റുകൾ/പേ ഓർഡറുകൾ/ബാങ്കേഴ്സ് ചെക്ക് എന്നിവ വാങ്ങുന്നതിന് പണം കാഷ് ആയി നല്കുകയാണെങ്കിൽ പാൻ ആവശ്യമാണ്.
12) കോ-ഓപ്പറേറ്റീവ് ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ബാങ്കിംഗ് കന്പനികളിലും പോസ്റ്റ് ഓഫീസുകളിലും നിധി കന്പനികളിലും നോണ് ബാങ്കിംഗ് ഫിനാൻഷൽ കന്പനികളിലും ഒരു ദിവസം 50,000/- രൂപയിൽ കൂടുതൽ കാഷായി ഡെപ്പോസിറ്റ് ചെയ്യുകയാണെങ്കിലും അല്ലെങ്കിൽ ഒരു വർഷത്തിൽ ആകെ അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ ടൈം ഡിപ്പോസിറ്റ് ആയി നിക്ഷേപിക്കുകയും ചെയ്യണമെങ്കിൽ പാൻ ആവശ്യമാണ്.
13) റിസർവ് ബാങ്ക് നിയമം അനുസരിച്ച് ബാങ്കുകൾ ഇറക്കിയിട്ടുള്ള പ്രീ പെയ്ഡ് ഇൻസ്ട്രുമെന്റ്സ് 50,000 രൂപയ്ക്കു മുകളിലാണു വാങ്ങുന്നതെങ്കിൽ പാൻ നല്കിയിരിക്കണം. ഇതിന് കാഷ് എന്നോ ചെക്ക് എന്നോ ഡ്രാഫ്റ്റ് എന്നോ ഉള്ള വ്യത്യാസങ്ങളില്ല.
14) ഒരു വർഷത്തെ ഇൻഷ്വറൻസ് പ്രീമിയം 50,000 രൂപയ്ക്കു മുകളിലാണെങ്കിൽ പാൻ ആവശ്യമാണ്.
15) സെക്യൂരിറ്റീസ് കോണ്ട്രാക്ട് ആക്ടിൽ നിർദേശിച്ചിട്ടുള്ള സെക്യൂരിറ്റീസിന്റെ ഇടപാടുകൾ 1,00,000 രൂപയ്ക്കു മുകളിലാണെങ്കിൽ പാൻ ആവശ്യമാണ്.
16) സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെടാത്ത കന്പനികളിലെ ഓഹരികൾ 1,00,000 രൂപയ്ക്കു മുകളിൽ വാങ്ങുകയാണെങ്കിൽ പാൻ നല്കിയിരിക്കണം.
17) 10,00,000 രൂപയ്ക്കു മുകളിൽ സ്ഥാവര വസ്തുക്കൾ വാങ്ങുകയാണെങ്കിൽ പാൻ സമർപ്പിച്ചിരിക്കണം. വാങ്ങുന്നത് കൃഷി ഭൂമി ആണെങ്കിലും ഒഴിവുകൾ നല്കിയിട്ടില്ല.
18) 2,00,000 രൂപയ്ക്കു മുകളിൽ നടത്തുന്ന എല്ലാ ഇടപാടുകൾക്കും (കാഷ് എന്നോ ചെക്ക് എന്നോ വേർതിരിവില്ലാതെ) പാൻ ആവശ്യമാണ്. മുൻകാലങ്ങളിൽ 5,00,000 രൂപയ്ക്കു മുകളിൽ സ്വർണാഭരണങ്ങളോ 2,00,000 രൂപയ്ക്കു മുകളിൽ ബുള്ള്യനോ വാങ്ങുന്നതിന് മാത്രമായിരുന്നു ഈ നിബന്ധന ഉണ്ടായിരുന്നത്. – See more at: