ന്യൂഡൽഹി: പ്രതിവർഷം രണ്ടര ലക്ഷം രൂപയിൽ കൂടുതൽ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളും അവയുമായി ബന്ധപ്പെട്ട വ്യക്തികളും ആദായനികുതി വകുപ്പിന്റെ പെർമനന്റ് അക്കൗണ്ട് നന്പർ (പാൻ) കാർഡ് എടുക്കണം. അടുത്ത വർഷം മേയ് 31നകമാണ് പാൻ എടുക്കേണ്ടത്.
കന്പനി, പാർട്ണർഷിപ്പ്, ട്രസ്റ്റ് തുടങ്ങി ഏതുതരം പ്രസ്ഥാനത്തിനും ഇതു ബാധകമാണ്. ഇവയുടെ മാനേജിംഗ് ഡയറക്ടർ, ഡയറക്ടർ, പാർട്ണർ, ട്രസ്റ്റി, സ്ഥാപകൻ, കർത്ത, ചീഫ് എക്സിക്യൂട്ടീവ്, മറ്റു ഭാരവാഹികൾ എന്നിവരെല്ലാം പാൻ എടുക്കണം. ഡിസംബർ അഞ്ചിനു പ്രാബല്യത്തിൽ വരുന്ന പുതിയ ചട്ടങ്ങളിലാണ് ഇത്. പ്രത്യക്ഷ നികുതിക്കായുള്ള കേന്ദ്ര ബോർഡ് (സിബിഡിടി) ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇത്തരം സ്ഥാപനങ്ങളുമായി ബന്ധമില്ലാത്ത വ്യക്തികൾക്ക് ഈ വ്യവസ്ഥ ബാധകമല്ല. നികുതിവെട്ടിപ്പ് തടയുകയാണു ലക്ഷ്യം.
പിതാവിന്റെ പേര് നിർബന്ധമില്ല
വ്യക്തികൾ പാൻ എടുക്കുന്പോൾ പിതാവിന്റെ പേര് ചേർക്കുന്നത് ഐച്ഛികമാക്കി സിബിഡിടി സർക്കുലർ ഇറക്കി. ഇതുവരെ ഇതു നിർബന്ധമായിരുന്നു. അവിവാഹിത അമ്മമാരുടെ മക്കൾ, വിവാഹമുക്തരുടെ മക്കൾ തുടങ്ങിയവർക്ക് സഹായകമാണ് ഈ മാറ്റം.