ചവറ: അനധികൃതമായി പുരയിടത്തിലെ തെങ്ങിൽ നിന്നും തേങ്ങ അടർത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവതിയേയും ഭർത്താവിനേയും പങ്കായം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിലെ ഒന്നും രണ്ടും പ്രതികൾ പോലീസ് പിടിയിലായി.
കോയിവിള ബിനു ഭവനിൽ കുട്ടപ്പായി എന്ന അനിൽ ആൻഡ്രൂസ്, തേവലക്കര കോയിവിള പുന്നപ്പുഴ ചരുവിൽ റാൽഫിൻ എന്നിവരാണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്.
16ന് പ്രതികൾ തേവലക്കര കോയിവിള ആറാട്ട്കടവ് വീട്ടിൽ ഷെറിന്റെ ബന്ധുവിന്റെ പുരയിടത്തിൽ നിന്നും അനധികൃതമായി തേങ്ങ അടത്തിയത് ഷെറിനും ഭർത്താവും ചോദ്യം ചെയ്തിരുന്നു.
എന്നാൽ ഇതിൽ പ്രകോപിതരായ പ്രതികൾ പങ്കായവുമായി വീട്ടിൽ അതിക്രമിച്ച് കയറി ചീത്ത വിളിച്ചുകൊണ്ട ് ഷെറിനേയും ഭർത്താവിനേയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ 11 ക്രമിനൽ കേസ്സുകളിൽ പ്രതിയാണ് അറസ്റ്റിലായ അനിൽ ആൻഡ്രൂസ്. രണ്ടാം പ്രതി റാൽഫിനെതിരെ പോക്സോ കേസും നിലവിലുണ്ട്.
ഷെറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത തെക്കുംഭാഗം പോലീസ് നടത്തിയ അന്വേഷണത്തിൽ ഒന്നും രണ്ടും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
തെക്കുംഭാഗം ഇൻസ്പെക്ടർ ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷാജി ഗണേശൻ, ശങ്കരനാരായണൻ, എഎസ്ഐ ജയകൃഷ്ണൻ, സിപിഒ സലാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.