തിരുവനന്തപുരം: മുടപുരത്ത് പതിനാലുകാരൻ തൂങ്ങിമരിച്ച സംഭവം ഓണ്‍ലൈൻ ഗെയിം കാരണമാണെന്ന മാതാപിതാക്കളുടെ സംശയത്തെതുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.
കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണ്‍ വിശദമായ പരിശോധനക്ക് ഇന്ന് സൈബർ സെല്ലിന് കൈമാറും.
മുടപുരം കല്ലുവിളാകം വീട്ടിൽ ഷാനവാസ്- സജീന ദന്പതികളുടെ മകനും കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുമായ സാബിത് മുഹമ്മദ് (14) ന്റെ മരണമാണ് ഓണ്‍ലൈൻ ഗെയിം കാരണമാണെന്ന് മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചത്.
ഈ മാസം എട്ടാം തീയതി വൈകുന്നേരമാണ് കുട്ടിയെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെ ത്തിയത്.
ഓണ്‍ലൈൻ ഗെയിം കാരണമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന സംശയത്തെ തുടർന്ന് കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണ്‍ വിശദ പരിശോധനയ്ക്കായി ഇന്ന് സൈബർസെല്ലിന് കൈമാറുമെന്ന് ചിറയിൻകീഴ് ഇൻസ്പെക്ടർ . ജി.ബി. മുകേഷ് രാഷ്ട്രദീപികയോട് പറഞ്ഞു.
നേരത്തെ ഫോണ്‍ പരിശോധിച്ചിരുന്നപ്പോൾ സംശയകരമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
എന്നാൽ ഫോണിൽ കാൽക്കുലേറ്റർ ഫോൾഡറിൽ ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഫോണ്‍ സൈബർസെല്ലിന്റെ പരിശോധനയ്ക്ക് കൈമാറാൻ പോലീസ് തീരുമാനിച്ചത്.
സാബിതിന്റെ ഇളയ അനുജനാണ് പിതാവിനോട് ചേട്ടൻ ഗെയിം കളിച്ചിരുന്ന കാര്യം വെളിപ്പെടുത്തിയത്.
മാതാവ് സജീനയുടെ മൊബൈൽ ഫോണ്‍ കുട്ടിയുടെ ഓണ്‍ലൈൻ പഠനത്തിന് ഉപയോഗിക്കുന്ന സമയത്തായിരുന്നു ഗെയിം കളിച്ചിരുന്നതെന്നാണ് വീട്ടുകാർ പോലീസിൽ നൽകിയ മൊഴി.
കുട്ടിയുടെ മരണത്തിൽ സംശയകരമായ ഒന്നും കണ്ടെ ത്തിയിട്ടില്ലെന്നാണ് പോലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ കണ്ടെ ത്തിയത്. മുറി അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു തൂങ്ങിമരിച്ച സമയത്ത് കണ്ടെത്തിയത്.