എരുമേലി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അത്യപൂർവ ശിക്ഷ വിധിച്ച് കോടതി.
ഇരട്ട ജീവപര്യന്തവും 11 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതി എരുമേലി സ്വദേശി സോമൻ (53) നാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി അത്യപൂർവ ശിക്ഷ വിധിച്ചത്.
2016 ലാണ് കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്ത് പഠിച്ചിരുന്ന കുട്ടിയുടെ അടുത്ത ബന്ധുവായ സോമൻ സംരക്ഷിച്ചുകൊള്ളാം എന്നുപറഞ്ഞ് തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പിന്നീട് ഇയാൾ പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു. ഗർഭിണിയായ അതിജീവിത പിന്നീട് ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകി.
പ്രതിയുടെ കുടുംബാംഗങ്ങൾ ഗർഭഛിദ്രത്തിന് ശ്രമിച്ചെങ്കിലും ഡോക്ടർ അതിന് തയാറായില്ല.
കേസിൽ പുനരന്വേഷണം നടത്തിയ എരുമേലി പോലീസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് മാത്യു ഡിഎൻഎ അടക്കം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും പ്രതിക്കെതിരേ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
31 സാക്ഷികളും 25 പ്രമാണങ്ങളും പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോജ് ഹാജരായി.
ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ജി.പി. ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.