മാന്നാർ: പെട്രാളിയംകമ്പനിയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാന്നാർ പോലീസ് സ്റ്റേഷനു മുന്നിൽ ഇരകളുടെ പ്രതിഷേധം.
ഖത്തറിലെ സീ ഡ്രിൽ കമ്പനിയിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞ് മുപ്പത്തിയേഴ് പേരിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപ വീതം വാങ്ങി വഞ്ചിച്ചതായി പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള മുപ്പത്തിയേഴോളം പേർ മാന്നാർ പാവുക്കര അരികുപുറത്ത് ബോബി തോമസ് എന്നയാളിനെതിരെ മാന്നാർ പോലീസിന് പരാതി നൽകിയിരുന്നു.
പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും എടുക്കാത്തതിനാണ് പരാതിക്കാർ പ്രതിഷേധം നടത്തിയത്.
മൂന്ന് വർഷമായി പരാതിക്കാർ ബോബി തോമസിൽ നിന്നും കൊടുത്ത തുക മടക്കി കിട്ടാനായി ശ്രമിക്കുന്നെന്നും, പല തവണ അവധി പറഞ്ഞ് പറ്റിച്ചതായും പരാതിക്കാർ പറയുന്നു.
അവസാനമായി ഈ കഴിഞ്ഞ 15ന് എല്ലാവർക്കും തുക മടക്കി നൽകാമെന്ന് പറഞ്ഞെങ്കിലും അതും വെറുതെയായെന്ന് പരാതിക്കാരുടെ പ്രതിനിധി ഒകൊടുങ്ങല്ലൂർ സ്വദേശി രതീഷ് പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് ബോബി തോമസിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തെന്നും അന്വേഷിച്ച് വേണ്ട നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചതായും രതീഷ് പറഞ്ഞു.