പത്തനംതിട്ട: 11നകം സ്ഥാനാര്‍ഥി നിര്‍ണയം നടത്തുമെന്ന പ്രഖ്യാപനം ഇരുമുന്നണികളും നടത്തുമ്പോഴും തര്‍ക്കങ്ങള്‍ ഒഴിയുന്നില്ല. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തര്‍ക്കങ്ങളില്‍ കുടുങ്ങി സ്തംഭിച്ചിരിക്കുകയാണ്.
ഇതിനിടെ നിയോജകമണ്ഡലം തലങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഡിസംബര്‍ എട്ടിനു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം 12നാണ് പുറത്തുവരുന്നത്.
11ന് യുഡിഎഫ് ആദ്യ സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇരുമുന്നണികളും ബിജെപിയും തര്‍ക്കങ്ങള്‍ ഇല്ലാതെ ചില ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിട്ടുണ്ട്.
ഐകകണ്ഠ്യേന തീരുമാനമായ സ്ഥാനാര്‍ഥികള്‍ പലരും പ്രചാരണവും തുടങ്ങി. യുഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്കി.
എല്ലാ ഘടകകക്ഷികള്‍ക്കും മതിയായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നിര്‍ദേശമുണ്ട്. നിയോജകമണ്ഡലം യോഗങ്ങള്‍ ഇന്നു ചേരും.പ്രാദേശികതലത്തിലെ തര്‍ക്കങ്ങള്‍ നിയോജകമണ്ഡലം കമ്മിറ്റിയില്‍ പരിഹരിക്കാനാണ് നിര്‍ദേശം.
അവിടെയും പരിഹാരമാകാത്തവ ജില്ലാ സമിതി പരിശോധിക്കും. കോണ്‍ഗ്രസിനു ജില്ലാതല തെരഞ്ഞെടുപ്പ് സമിതി നിലവില്‍ വന്നു. 11ന് യുഡിഎഫ് ജില്ലാ സമിതി ചേര്‍ന്ന് ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കും.
ജില്ലാ പഞ്ചായത്ത്, നഗരസഭ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും ജില്ലാതലസമിതി തീരുമാനമെടുക്കുമെന്നാണ് സൂചന. നാല് നഗരസഭകളിലും ഘടകകക്ഷികളുമായുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്.
ബിജെപിയുടെ സ്ഥാനാര്‍ഥിപട്ടിക പ്രാദേശികതലങ്ങളില്‍ തയാറായിട്ടുണ്ട്. ഇത് ജില്ലാ കമ്മിറ്റി പരിശോധിച്ച് അംഗീകാരം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഗ്രാമ,ബ്ലോക്ക്, മുനിസിപ്പല്‍ തല സ്ഥാനാര്‍ഥികളെ അതാത് പ്രാദേശിക സമിതികള്‍ തീരുമാനിക്കണമെന്നാണ് എല്‍ഡിഎഫ് നിര്‍ദേശം. ജില്ലാ പഞ്ചായത്ത് സീറ്റു വിഭജന ചര്‍ച്ചകള്‍ മാത്രമേ എല്‍ഡിഎഫ് ജില്ലാതലത്തില്‍ നടത്തുന്നുള്ളൂ.
ഗ്രാമപഞ്ചായത്ത് തലത്തില്‍ 90 ശതമാനം സ്ഥാനാര്‍ഥി നിര്‍ണയവും നടന്നു കഴിഞ്ഞെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തുകളിലും ഏകദേശം പൂര്‍ത്തിയായി. രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം 11ന് ശേഷം ഉണ്ടാകും.
എല്ലാ ഘടകകക്ഷികള്‍ക്കും പ്രാതിനിധ്യം നല്‍കാനാണ് നിര്‍ദേശം. കഴിഞ്ഞതവണത്തെ മാനദണ്ഡപ്രകാരമുള്ള സീറ്റു വിഭജനം എല്‍ഡിഎഫിന് കീറാമുട്ടിയാണ്.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം, എല്‍ജെഡി കക്ഷികളുടെ അവകാശവാദം പരിഹരിക്കുകയാണ് പ്രശ്നം. 2015ല്‍ ആറ് കക്ഷികളുണ്ടായിരുന്ന സ്ഥാനത്ത് എല്‍ഡിഎഫില്‍ നിലവില്‍ 11 കക്ഷികളുണ്ട്.
എന്നാല്‍ ഇവര്‍ക്കെല്ലാം സീറ്റു നല്‍കാനാകില്ലെങ്കിലും ജോസ് വിഭാഗം, എല്‍ജെഡി കക്ഷികളുടെ അവകാശവാദം പരിഗണിക്കേണ്ടിവരും. ഗ്രാമപഞ്ചായത്തുകളില്‍ കേരള കോണ്‍ഗ്രസിന്റെ സീറ്റുകളെ സംബന്ധിച്ച തര്‍ക്കം പലയിടത്തും എല്‍ഡിഎഫ് ചര്‍ച്ച വഴിമുട്ടിച്ചു.
കൂടുതല്‍ സീറ്റുകളില്‍ ജോസ് വിഭാഗം അവകാശവാദം ഉന്നയിച്ചപ്പോള്‍ നിലവിലുള്ള സീറ്റുകള്‍ ഒഴിയാന്‍ മറ്റു ഘടകകക്ഷികള്‍ തയാറല്ല. ജില്ലാ പഞ്ചായത്തിലും ജോസ് വിഭാഗം മൂന്ന് സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നഗരസഭകളിലും തര്‍ക്കങ്ങള്‍ തുടരുന്നു.