പെരുവന്താനം: ടൂറിസ്റ്റ് കേന്ദ്രമായ പാഞ്ചാലിമേട്ടിൽ മതസൗഹാർദം തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ഭുവനേശ്വരി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.എസ്. സുനിൽ, കെ.ആർ. ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ജയൻ പി. വിജയൻ, പഞ്ചായത്ത് സെക്രട്ടറി ടിജോ തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
രണ്ടു മലകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് പഞ്ചാലിമേട്. ഒരു മലയിൽ വർഷങ്ങൾക്ക് മുന്‍പ് കുരിശുകൾ സ്ഥാപിച്ചതാണ്. മറ്റേ മലയിൽ ഒരു അന്പലവും വർഷങ്ങളായി നിലനിൽക്കുന്നു. ഈ കുരിശും അന്പലവും നിലനിർത്തിക്കൊണ്ട് പഞ്ചായത്ത് മുൻകൈയെടുത്ത് തീർഥാടന ടൂറിസ്റ്റ് കേന്ദ്രമായി പാഞ്ചാലിമേടിനെ പ്രഖ്യാപിക്കുകയും ചെയ്തു. ദിനംപ്രതി ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഇവിടെ വന്നുപോകുന്നത്.
കുരിശും അന്പലവും സ്ഥിതിചെയ്യുന്നത് സർക്കാർവക റവന്യു ഭൂമിയിലാണ്. നോന്പുകാലത്തെ വെള്ളിയാഴ്ചകളിലും ദുഃഖവെള്ളിയാഴ്ചയും നിരവധി തീർഥാടകരാണ് കുരിശുമല കയറാൻ എത്തുന്നത്. ഈ വർഷം വിശ്വാസികൾ മല കയറിയപ്പോൾ കൊണ്ടുവന്ന മരക്കുരിശ് ഇവിടെ സ്ഥാപിക്കുകയും വിവാദം ആയതിനെത്തുടർന്ന് വിശ്വാസികൾ തന്നെ മരക്കുരിശുകൾ നീക്കം ചെയ്യുകയും ചെയ്തു.
പ്രകൃതിരമണീയമായ പാഞ്ചാലിമേട്ടിലേക്ക് തീർഥാടകരുടെ വരവ് വർധിച്ചതിനെത്തുടർന്ന് ഒരു വർഷം സർക്കാരിന് 20 ലക്ഷം രൂപയാണ് ലഭിക്കുന്നത്. കൂടാതെ നിരവധിപ്പേർക്കു ജോലിയും. നൂറുകണക്കിനു കുടുംബങ്ങൾ ടൂറിസ്റ്റ് കേന്ദ്രവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുകയും ചെയ്യുന്നു. തദ്ദേശവാസികളായ ഹിന്ദുക്കളും ക്രൈസ്തവരും ഉൾപ്പെടെയുള്ള എല്ലാ സമുദായക്കാരും ഒരുമിച്ചു ജീവിക്കുന്ന ഈ കുടിയേറ്റ പ്രദേശത്ത് ഇവിടവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെത്തി നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന് ഇവർ ആരോപിച്ചു.
കാർഷിക മേഖലയിലെ തകർച്ചമൂലം പ്രയാസം അനുഭവിക്കുന്ന കൃഷിക്കാരെയും തൊഴിലാളികളെയും സഹായിക്കുന്നതിന് പഞ്ചായത്ത് മുൻകൈയെടുത്ത് ടൂറിസം നടപ്പിലാക്കിയതിന്റെ ഭാഗമായി നിരവധി ആളുകൾക്ക് തൊഴിലും വരുമാനവും ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുരിശിന്റെ പേരുപറഞ്ഞ് ടൂറിസം പദ്ധതി തകർക്കാൻ ഗൂഢശ്രമം നടക്കുന്നതെന്നും ഇവർ പറഞ്ഞു. നാടിന്റെ മതസൗഹാർദവും സമാധാന അന്തരീക്ഷവും തകർക്കുന്ന രീതിയിലുള്ള യാതൊരു പ്രവർത്തനവും ഉണ്ടാകരുതെന്ന് ഇവർ ആവശ്യപ്പെട്ടു.
കുരിശുമല തകര്‍ക്കാനുള്ള ശ്രമം അപലപനീയമെന്നു തദ്ദേശവാസികള്‍
കാഞ്ഞിരപ്പള്ളി: പൂര്‍വ പിതാക്കന്മാരില്നിന്നു കൈവശം ലഭിച്ച വിശ്വാസ ജീവിതത്തിന്റെ പ്രതീകമായ പാഞ്ചാലിമേട്- മരിയന്‍ കുരിശുമല തകര്‍ക്കാനുള്ള ശ്രമം അപലപനീയമെന്നു തദ്ദേശവാസികള്‍. 1956ല്‍ കുരിശുകള്‍ സ്ഥാപിച്ച് കുരിശുമലയായി പ്രഖ്യാപിച്ചതാണ്. ദുഃഖവെള്ളിയാഴ്ചത്തെ പീഡാനുഭവ തിരുക്കര്‍മങ്ങള്‍ക്കുശേഷം വിശ്വാസികള്‍ മരിയന്‍ കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്താറുണ്ട്. എതിര്‍വശത്തെ അമ്പലത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ഭൂപരിഷ്കരണ നിയമപ്രകാരം സര്‍ക്കാര്‍ പിടിച്ചെടുത്ത് മിച്ച ഭൂമിയാകുന്നതുവരെ കള്ളിവയലില്‍, കരിമ്പനാല്‍ കുടുംബങ്ങളുടെ കൈവശമായിരുന്നു ഈ സ്ഥലം. സര്‍ക്കാര്‍ സ്ഥലം മിച്ചഭൂമിയാക്കിയതിനുശേഷവും നാളിതുവരെ യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു. വിശ്വാസ ആചാരങ്ങളെ തകര്‍ക്കാനും മതങ്ങളെ താറടിച്ച് കാണിക്കാനും വേണ്ടിയാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.