കാട്ടാക്കട : കേരളത്തിന്റെ നവോഥാന ചരിത്രത്തിൽ അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനു നാന്ദികുറിച്ച ഊരൂട്ടമ്പലം സർക്കാർ സ്കൂളിന്റെ പേര് പഞ്ചമി സ്മാരക സർക്കാർ സ്കൂൾ എന്നാക്കുന്നു.
മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ സവർണ വിഭാഗക്കാരെ എതിരിട്ട് 1914ൽ ദളിത് ബാലിക പഞ്ചമിയെ ഊരുട്ടന്പലം സ്കൂളിൽ പഠിപ്പിച്ചതിന്റെ സ്മരണയ്ക്കായാണ് പുനർനാമകരണം ചെയ്യുന്നത്.
ഒരു കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി നിർമാണം പൂർത്തീകരിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിന്റെ പുനർ നാമകരണം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന.
ഒന്നാം പിണറായി സർക്കാരിന്റെ രണ്ടാമത്തെ വർഷത്തിൽ സർക്കാർ ആരംഭിച്ച സംസ്ഥാനതല വിദ്യാഭ്യാസ സംരക്ഷണ യജ്ഞതിന് ഈ സ്കൂളിൽ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചത്.
യുപി സ്കൂളിനും തൊട്ടടുത്ത എൽപി സ്കൂളിനും ബഹുനില മന്ദിരം പണിയാൻ തുക പ്രഖ്യാപിച്ചതും മുഖ്യമന്ത്രിയായിരുന്നു. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയെ നേരിട്ട് പങ്കെടുപ്പിച്ച് സ്കൂളിന്റെ പുനർ നാമകരണം ചെയ്യിക്കാനാണ് നീക്കം.