വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തനിലയിൽ. പുലര്‍ച്ചെ രണ്ടരയോടെ കടുവയെ പിലാക്കാവ് ഭാഗത്തുനിന്ന് അവശനിലയില്‍ ദൗത്യസംഘം കണ്ടെത്തിയിരുന്നു.
മയക്കുവെടി വയ്ക്കാന്‍ നീക്കം നടത്തിയെങ്കിലും കടുവ ഗുരുതര പരിക്കേറ്റ് വീണ് കിടക്കുകയാണെന്ന് ബോധ്യപ്പെട്ടു. പിന്നീട് അധികം വൈകാതെ കടുവ ചത്തു.
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാകാമെന്നാണ് നിഗമനം. കടുവയുടെ ജഡവുമായി വനംവകുപ്പ് സംഘം പ്രിയദർശനി എസ്റ്റേറ്റിലെ ബേസ് ക്യാമ്പിലെത്തി. കുപ്പാടിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും.
ഏഴു വയസുവരെ പ്രായം തോന്നിക്കുന്ന പെൺകടുവയാണ് ചത്ത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയെ ആക്രമിച്ച് കൊന്ന കടുവയാണ് ചത്തതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
വനംവകുപ്പ് സ്ഥാപിച്ച 38 കാമറകളിലും പതിഞ്ഞത് ഇതേ കടുവയുടെ ചിത്രമാണ്. കടുവയുടെ ശരീരത്തിലെ മുറിവുകൾക്ക് പഴക്കമുണ്ടെന്ന് ഡോ.അരുൺ സഖറിയ അറിയിച്ചു.
ഞായറാഴ്ച അർധരാത്രി 12:30 മുതൽ കടുവയ്ക്ക് പിറകേ വനപാലകർ ഉണ്ടായിരുന്നു. എന്നാൽ 2:30ഓടെയാണ് അവശനിലയിൽ കണ്ടെത്തിയത്