സിജോ പൈനാടത്ത്
കൊച്ചി: നാടിന്റെ ഗൗരവമുള്ള പ്രശ്നം സെക്രട്ടേറിയറ്റിലെത്തിക്കാന് 240 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടാനൊരുങ്ങുകയാണ് ഒരു പഞ്ചായത്ത് പ്രസിഡന്റ്.
എറണാകുളം ജില്ലയിലെ ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളിയാണ് പഞ്ചായത്ത് ഓഫീസില്‍നിന്നു തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ സൈക്കിളോടിച്ചെത്തുക.
ഒക്കല്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന എംസി റോഡിലെ പ്രധാനപ്പെട്ട കാലടി ശ്രീശങ്കര പാലത്തിന്റെ അപകടാവസ്ഥയും അവിടത്തെ ഗതാഗതദുരിതങ്ങളും പുതിയ പാലത്തിനായുള്ള ആവശ്യവും മുഖ്യമന്ത്രിയെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും അറിയിക്കുകയാണു യാത്രയുടെ ലക്ഷ്യം. പ്രസിഡന്റിനൊപ്പം സൈക്കിളുകളില്‍ നാട്ടുകാരായ പന്ത്രണ്ടുപേർ അനുഗമിക്കും.
പാലത്തിനായുള്ള നാട്ടിലെ സാമൂഹ്യസംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും നിവേദനങ്ങള്‍ മനോജും സംഘവും ശേഖരിച്ചിട്ടുണ്ട്.
നാളെ പുലര്‍ച്ചെ പഞ്ചായത്ത് ഓഫീസിനു മുന്നില്‍നിന്നു യാത്ര ആരംഭിക്കും. എംസി റോഡ് വഴി രണ്ടു ദിവസം കൊണ്ടു സൈക്കിളോടിച്ചെത്താനാണു ലക്ഷ്യമിടുന്നത്.
പകല്‍ മാത്രം സൈക്കിളോടിക്കും. രാത്രി വിശ്രമം. തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിലെത്താമെന്നാണു പ്രതീക്ഷയെന്നു മനോജ് തോട്ടപ്പിള്ളി പറഞ്ഞു. മുഖ്യമന്ത്രിയെയും വിവിധ മന്ത്രിമാരെയും നേരിട്ടു കണ്ടു നിവേദനങ്ങള്‍ കൈമാറും.
തന്റെ എംടിബി മോഡല്‍ ഗിയര്‍ സൈക്കിളിലാണു 44 കാരനായ മനോജിന്റെ യാത്ര.
പ്രദേശത്തെ സൈക്കിള്‍ ക്ലബില്‍ സജീവമായിരുന്ന ഇദ്ദേഹം, നേരത്തെ തൃശൂര്‍, ചെറായി എന്നിവിടങ്ങളിലേക്കെല്ലാം സൈക്കിള്‍ യാത്ര നടത്തിയിട്ടുണ്ട്. 200 കിലോമീറ്ററിനു മുകളിലേക്കുള്ള സൈക്കിള്‍ യാത്ര ഇതാദ്യം.